പുതുക്കാട്: മരത്താക്കരയിലെ ബി.ആർ.ഡി കാർ ഷോറൂമിൽ പുതിയ വാഹനങ്ങളുടെ സൈലൻസറുകൾ മോഷണം പോയി. വിൽപ്പനക്കായി സൂക്ഷിച്ച കാറുകളുടെ സൈലൻസുകളാണ് മോഷ്ടിച്ചത്. പത്തു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പുതുക്കാട് പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ഷോറൂമിന്റെ പാടശേഖരത്തോട് ചേർന്ന ഭാഗത്ത് പാർക്ക് ചെയ്ത വാഹനങ്ങളുടെ സൈലൻസറുകളാണ് കവർന്നത്. സങ്കരയിനം ലോഹ കൂട്ടുകൊണ്ട് നിർമ്മിക്കുന്ന സൈലൻസറുകളിൽ നിന്നും വിലകൂടിയ പ്ലാറ്റിനംപോലുള്ള സങ്കര ലോഹങ്ങൾ വേർത്തിരിച്ചെടുക്കാനാകാം മോഷണമെന്ന് സംശയിക്കുന്നു. അടുത്തയിടെ ഉത്തരേന്ത്യയിൽ സമാനരീതിയിൽ മോഷണം നടന്നതായി പൊലീസ് പറഞ്ഞു.