ചാലക്കുടി: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പരിയാരം പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. വ്യാഴാഴ്ച 34 പേർ കൂടി രോഗബാധിതരായി. ബുധനാഴ്ചയിലും 36 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. കാഞ്ഞിരപ്പിള്ളി കോളനി അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ വലിയ തോതിലാണ് രോഗം വ്യാപിക്കുന്നത്. രോഗം വ്യാപിക്കുന്നതിനെതിരെ കാര്യക്ഷമമായ ഇടപെൽ പഞ്ചായത്ത്, ആരോഗ്യ വിഭാഗങ്ങൾ നടത്തുന്നില്ലെന്ന പരാതികളും ഉയരുന്നു. തൃപ്പാപ്പിള്ളിയിൽ 27 കൊവിഡ് രോഗികളുണ്ട്. ജൂലൈ 12ന് ഒരു വീട്ടിൽ നടന്ന വിവാഹവുമായി ബന്ധപ്പെട്ടാണ് രോഗ വ്യാപനം. മോതിരക്കരകണ്ണി ബാലികുളത്തും ഭീതി വിതച്ച കൊവിഡ് ബാധ തുടരുന്നു. നിലവിൽ 37 രോഗ ബാധിതരുണ്ട്. താളംതെറ്റിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമാണ് കൊവിഡ് വ്യാപനം രൂക്ഷമാകുന്നെതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതെക്കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസറോട് പരാതിപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ലെന്ന് പറയുന്നു. കോടശേരിയിലും രോഗവ്യാപനമുണ്ട്. ഇന്നലത്തെ രോഗികളുടെ എണ്ണം 19 ആണ്. മേലൂരിൽ 18ഉം കൊരട്ടിയിൽ 16 ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.