ഇരിങ്ങാലക്കുട: ഇടതു മുന്നണി ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ 300 കോടിയിലെറെ രൂപയുടെ വായ്പ-നിക്ഷേപ തട്ടിപ്പ് നടത്തുകയും ഇടത് നേതാക്കൾ തട്ടിപ്പിൽ പങ്കാളികളാകുകയും ചെയ്ത സാഹചര്യത്തിൽ ബാങ്ക് ഭരണ സമിതി പിരിച്ച് വിട്ട്, കേന്ദ്ര എജൻസി അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ കേരള കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി, സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, ജോൺസൺ കാഞ്ഞിരത്തിങ്കൽ, റോക്കി ആളൂക്കാരൻ, പി.ടി.ജോർജ്, ഇട്ട്യേച്ചൻ തരകൻ തുടങ്ങിയവർ പ്രസംഗിച്ചു.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി
കേസെടുക്കണമെന്ന് അഡ്വ. കെ.കെ.അനീഷ്‌കുമാർ
ഇരിങ്ങാലക്കുട : കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതിയുടെ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത തളിയക്കാട്ടിൽ മുകുന്ദന്റെ വീട്ടിലെത്തി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. കരുവന്നൂർ സഹകരണ ബാങ്കിനെതിരേയും സി.പി.എം നേതാക്കൾക്കെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് അഡ്വ. കെ.കെ.അനീഷ്‌കുമാർ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജനറൽ സെക്രട്ടറിമാരായ വേണു മാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്, ഏ.ആർ അജിഘോഷ്, സബീഷ് മരുതയുർ, സുനിൽ തളിയപറമ്പിൽ, സന്തോഷ് ബോബൻ തുടങ്ങിയവർ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.