resort

തൃശൂർ: റിയൽ എസ്റ്റേറ്റ്, റിസോർട്ട്, മറ്റ് ബിനാമി ഇടപാടുകൾ എന്നിവയ്ക്കായാണ് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നതെന്ന് സൂചന. കോടികളുടെ ക്രമക്കേട് വർഷങ്ങളായി നടന്നിട്ടും നടപടിയടുക്കാത്തതിന് പിന്നിൽ ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടായി എന്ന സംശയം പ്രതിപക്ഷ കക്ഷികൾ മുന്നോട്ടുവയ്ക്കുന്നു.


അതേസമയം ജാമ്യവസ്തു പരിശോധനയിൽ പ്രസിഡന്റും ഭരണസമിതിയും ഗുരുതരമായ വീഴ്ച വരുത്തിയതായും കണ്ടെത്തി. 90 ശതമാനം വായ്പകളിലും വസ്തുപരിശോധന നടത്തിയത് മാനേജർ ബിജു മാത്രമാണെന്ന് അവസാനം നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 80 ശതമാനം വായ്പാ അപേക്ഷകളിലും അപേക്ഷകരുടെ വിവരമില്ല. ബാങ്കിൽ അക്കൗണ്ടന്റായ ജിൽസ് സ്വന്തം സ്ഥലം പണയപ്പെടുത്തി പോൾസൺ, ബാബു, സുജയ്, ശ്രീദീപ് എന്നിവരുടെ പേരിൽ 50 ലക്ഷം വീതം രണ്ട് കോടി വായ്പയെടുത്തു. എന്നാൽ ശ്രീദീപിന്റെ വായ്പ മാത്രമാണ് ജിൽസിന്റെ ബാദ്ധ്യതയായി രേഖകളിലുള്ളത്. ജീവനക്കാരുടെ റിയൽ എസ്റ്റേറ്റ് ബിസിനസിനെ സഹായിക്കും വിധം ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചിട്ടുണ്ടെന്ന് പ്രസിഡന്റും സഹകരണവകുപ്പിന്റെ അന്വേഷണസംഘത്തിന് മുന്നിൽ മൊഴി നൽകിയിരുന്നു. നിക്ഷേപങ്ങളുടെ പേരിലുള്ള തട്ടിപ്പ് വേറെയും നടന്നിട്ടുണ്ട്. ബാങ്ക് ആവിഷ്‌കരിച്ച ഡബ്ലിംഗ്, സമൃദ്ധി നിക്ഷേപ പദ്ധതികൾക്ക് ജോയിന്റ് രജിസ്ട്രാറുടെ അനുമതിയില്ല. നിക്ഷേപകരുടെ പൂർണവിവരം രജിസ്റ്ററിലോ രേഖയായോ ബാങ്കിൽ സൂക്ഷിച്ചിട്ടില്ല. ചില നിക്ഷേപകരുടെ അക്കൗണ്ട് ഓപ്പണിംഗ് ഫോം അപേക്ഷ പോലും ബാങ്കിലില്ലെന്നും കണ്ടെത്തി.

വായ്പയെടുക്കാത്തവർക്കും നോട്ടീസ്

കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേർക്ക് ജപ്തി നോട്ടീസ്. ബാങ്കിൽ വായ്പയ്ക്ക് അപേക്ഷ നൽകാത്തവർക്ക് പോലും ജപ്തി നോട്ടീസ് ലഭിച്ചു. മൂന്ന് സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള ഇരിങ്ങാലക്കുട സ്വദേശി ഓട്ടോ ഡ്രൈവർ രാജുവിന് 50 ലക്ഷം രൂപ ഉടൻ തിരിച്ചു അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചത്. ബാങ്കിൽ ഒരു അംഗത്വം ഉണ്ടായിരുന്നു. അത് മാത്രമാണ് രാജുവിനെ ബാങ്കുമായുള്ള ബന്ധം. ഇതുവരെ പണം ഇടപാടുകളൊന്നും നടത്തിയിട്ടില്ല. ജപ്തി നോട്ടീസ് വന്നതോടെ ഇക്കാര്യം ബാങ്കിലെ മാനേജർ ബിജു കരീമിനെ അറിയിച്ചെന്നും സാരമില്ലെന്നുമായിരുന്നു മറുപടിയെന്നും രാജു പറഞ്ഞു. അഡ്മിനിസ്‌ട്രേർക്കും പരാതി നൽകിയിട്ടുണ്ട്.


തേക്കടിയിൽ റിസോർട്ടെന്ന് ബി.ജെ.പി

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ഈടില്ലാതെയും വ്യാജ ഈട് നൽകിയും വൻകിട ലോണുകൾ നൽകിയത് കമ്മിഷൻ കൈപ്പറ്റിയാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്. ബാങ്കിൽ നിന്ന് തട്ടിയെടുത്ത കോടികൾ കൊണ്ട് തേക്കടിയിൽ റിസോർട്ട് നിർമ്മിക്കാനുള്ള പദ്ധതിയുടെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും നാഗേഷ് പ്രസ്താവനയിൽ ആരോപിച്ചു.