തൃശൂർ: കോടികളുടെ വായ്പാത്തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്ക് ജീവനക്കാരായ മൂന്ന് സി.പി.എം നേതാക്കളെ പ്രതികളാക്കി ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബാങ്ക് മുൻ മാനേജർ ബിജു കരീം, സെക്രട്ടറി ടി.ആർ. സുനിൽകുമാർ, ചീഫ് അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരാണ് പ്രതികൾ.
ബിജു കരീം സി.പി.എം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവും ടി.ആർ. സുനിൽകുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും ജിൽസ് പാർട്ടിയുടെ പ്രാദേശിക നേതാവുമാണ്. പ്രതികൾക്കെതിരെ വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കിയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. നൂറ് കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തിയുള്ള റിസോർട്ട് നിർമ്മാണം, ഇതിലേക്ക് വിദേശത്ത് നിന്നുൾപ്പെടെ നിക്ഷേപം സ്വീകരിക്കൽ എന്നിവ ഉൾപ്പെടെ ബാങ്കിൽ കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
ബിനാമി ഇടപാടുകൾ, നിക്ഷേപങ്ങൾക്ക് അമിതമായി പലിശ കൂട്ടിക്കൊടുക്കൽ, ഇല്ലാത്ത ഭൂമി ഈടുവച്ച് കോടികളുടെ വായ്പ നൽകൽ തുടങ്ങിയ തട്ടിപ്പുകളും നടന്നിരുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.
വിപണിമൂല്യം കുറഞ്ഞ ഭൂമി ഈടുവച്ച് ഭീമമായ തുക വായ്പയെടുത്തശേഷം എത്രയും പെട്ടെന്ന് ജപ്തി നടപടി സ്വീകരിക്കുകയെന്ന തട്ടിപ്പും നടന്നിരുന്നു. ഇതുവഴി കോടികളുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്. വിലകൂടിയ ഭൂമി ഈടുവച്ച് ചെറിയ വായ്പ എടുക്കുന്നവരെ തിരിച്ചടവിന്റെ പേരിൽ സമ്മർദ്ദത്തിലാക്കി ജപ്തി നടപടിയിലേക്ക് വേഗം കടന്ന് ആ ഭൂമി തട്ടിയെടുത്ത സംഭവങ്ങളും ഉണ്ടായി. പിന്നീട് ഈ ഭൂമി മറിച്ചുവിറ്റ് തട്ടിപ്പുകാർ കോടികൾ സമ്പാദിച്ചു.
46 പേരുടെ ആധാരത്തിൽ എടുത്ത വായ്പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതടക്കം വൻ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് തലപ്പത്തുണ്ടായിരുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ 13 അംഗ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. 2019ൽ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാർ രംഗത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയതും വൻ തട്ടിപ്പ് പുറത്തുവന്നതും.