തൃശൂർ: വാടക വീടുകളിലും പുറമ്പോക്ക് ഭൂമിയിലും താമസിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും സ്വന്തമായി ഭൂമിയും പാർപ്പിടവും ഉടൻ നൽകുക, സ്വന്തമായി ഭൂമിയില്ലാതെ വാടക വീടുകളിൽ താമസിക്കുന്നവരുടെ വാടക സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് പാർപ്പിടാവകാശ സമിതിയുടെ ആഭിമുഖ്യത്തിൽ 28ന് കളക്ട്രേറ്റിന് മുൻപിൽ ധർണ സംഘടിപ്പിക്കും. ധർണയ്ക്ക് ശേഷം ജില്ലാ കളക്ടർക്ക് നിവേദനം നൽകും. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിലെ അശാസ്ത്രീയത മൂലം പല കുടുംബങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുന്നതിന് തടസ്സമാകുന്നുവെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പാർപ്പിട രഹിതരുള്ളത്. സംസ്ഥാനമൊട്ടാകെ പതിനഞ്ച് ലക്ഷത്തോളം പാർപ്പിട രഹിതരാണുള്ളത്. ഇവരിൽ മൂന്നരലക്ഷത്തോളം ആളുകൾ തൃശൂരിലാണ്. പത്രസമ്മേളനത്തിൽ കെ.സി കവിത, ജയൻ കോനിക്കര, എൻ.കെ നസീമ, സജിമോൻ മാഞ്ഞാമറ്റം, ജയപ്രകാശ് ഒളരി എന്നിവർ പങ്കെടുത്തു.