bus

തൃശൂർ: സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ബസ് ഉടമകൾ സമരരംഗത്ത്. ബസുകളുടെ റോഡ് ടാക്‌സ് പൂർണ്ണമായും ഒഴിവാക്കുക, പൊതുഗതാഗതം എന്ന പരിഗണന നൽകി ഡീസലിന് സബ്‌സിഡി നൽകുക, നിറുത്തിയിട്ട ബസ് സർവ്വീസുകൾ പുനരാരംഭിക്കുന്നതിനായി ഓരോ ബസ് ഉടമയ്ക്കും മൂന്ന് ലക്ഷം രൂപ പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 27ന് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ബസ് ഉടമകൾ ഉപവാസസമരം നടത്തുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉപവാസ സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം വടക്കെ ബസ് സ്റ്റാൻഡിൽ 27ന് രാവിലെ പത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് നിർവഹിക്കും. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ബിന്നി ഇമ്മട്ടി മുഖ്യപ്രഭാഷണം നിർവഹിക്കും. സമാപന സമ്മേളനം വൈകീട്ട് അഞ്ചിന് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ.കെ സേതുമാധവൻ, നിർമ്മലാനന്ദൻ, കെ.എസ് ഡൊമിനിക്, സി.എ ജോയ് എന്നിവരും പങ്കെടുത്തു.