തൃശൂർ: ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ'ട്രസ്റ്റ് 'മൊബൈൽ ഫോൺ ചലഞ്ച്' പ്രഖ്യാപിച്ചു. ഉപയോഗിക്കാൻ സാധിക്കുന്ന മൊബൈൽ ഫോണുകൾ സംഭാവനയായി സ്വീകരിച്ച് നന്നാക്കി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യമായി അവ നൽകുന്നതാണ് മൊബൈൽ ഫോൺ ചലഞ്ചുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ട്രസ്റ്റ് ചീഫ് പേട്രൺ ഫാ. ഡേവിസ് ചിറമേലും ചെയർമാൻ രാജൻ തോമസും മാനേജിംഗ് ട്രസ്റ്റി സി.വി ജോസും അറിയിച്ചു. പുതിയ മൊബൈൽ ഫോണുകൾക്കാണ് മുൻഗണന. എങ്കിലും അധികം പഴക്കമില്ലാത്ത നിലവിൽ പ്രവർത്തനക്ഷമമായ നല്ല മൊബൈൽ ഫോണുകളും സ്വീകാര്യമാണ്. വിദ്യാലയങ്ങളുടെ വിപുലമായ ഡേറ്റാ ബാങ്ക് കൈവശമുള്ള ട്രസ്റ്റ് സ്‌കൂൾ ഹെഡ്മാസ്റ്ററുടെ സഹായത്തോടെയാണ് അർഹരായവരെ കണ്ടെത്തുന്നത്. കുറഞ്ഞത് ആയിരം മൊബൈൽ ഫോണുകളെങ്കിലും ഇത്തരത്തിൽ നൽകുവാൻ ഉദ്ദേശിക്കുന്നതായും അവർ അറിയിച്ചു. നേരത്തെ ട്രസ്റ്റ് വിവിധ സ്‌കൂളുകളിലായി 840 ടെലിവിഷൻ വിതരണം ചെയ്തിരുന്നു. ഇതേരീതിയിൽ തന്നെയായിരിക്കും സൗജന്യമായി മൊബൈൽ ഫോൺ വിതരണം ചെയ്യുകയെന്ന് ട്രസ്റ്റ് അറിയിച്ചു. തീരപ്രദേശം, ആദിവാസി മേഖലകൾ തുടങ്ങി പിന്നാക്കാവസ്ഥയിലുള്ള സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ വിതരണത്തിൽ മുൻഗണന നൽകും. മൊബൈൽ ഫോൺ സംഭാവനയായി നൽകുന്നതിന് 9037175191, 9562108822 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.