കൊടുങ്ങല്ലൂർ: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ശ്രീ നാരായണപുരം പഞ്ചായത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നു. ടി.പി.ആർ നിരക്ക് വർദ്ധിച്ചതിനെ തുടർന്നാണ് നടപടി. കാറ്റഗറി ഡി യിൽ ഉൾപ്പെടുത്തിയതിനാലാണ് പഞ്ചായത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇന്നലെ പഞ്ചായത്തിൽ ചേർന്ന കൊവിഡ് വിലയിരുത്തൽ സമിതി യോഗത്തിന്റെതാണ് തീരുമാനം. വാർഡ് 17ലും 21ലും 50നു മുകളിൽ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ ഇടവഴികളും പഞ്ചായത്ത് റോഡുകളും അടച്ചു. പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

പി. വെമ്പല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ 188 ആന്റിജൻ ടെസ്റ്റിൽ 28 പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1,2,7,14,20 വാർഡുകളിൽ 20നു മുകളിൽ പൊസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എം.ഇ.എസ് അസ്മാബി കോളേജ് ഹോസ്‌റ്റലിൽ പ്രവർത്തിക്കുന്ന ഡി.സി.സി യിൽ 49 പേരെ പ്രവേശിപ്പിച്ചു. എസ്.എൻ പുരം സെന്റർ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കാനും കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ കൂടുതൽ ടെസ്റ്റ് നടത്താനും നടപടി സ്വീകരിച്ചു. പൊലീസ്, സെക്ടറൽ മജിസ്‌ട്രേറ്റ്, ഹെൽത്ത് ജീവനക്കാർ, ആർ.ആർ.ടി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ യോജിച്ച് പ്രതിരോധ പ്രവർത്തനം നടത്തുന്നതിന് യോഗത്തിൽ ധാരണയായി. പ്രസിഡന്റ് എം.എസ് മോഹനന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജയ സുനിൽരാജ്, സെക്ടറൽ മജിസ്‌ട്രേറ്റ് ഷഹീന, സി.ഐ ടി.കെ ഷൈജു, മെഡിക്കൽ ഓഫീസർ ഡോ. ഗായതി, ആരോഗ്യം ചെയർമാൻ പി.എ. നൗഷാദ്, ക്ഷേമകാര്യം ചെയർമാൻ മിനി പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.