ചെറുതുരുത്തി: കൊവിഡ് മഹാമാരിക്കാലത്ത് കലാകാരന്മാർ അതിജീവനത്തിനായി പൊരുതുമ്പോൾ ഉപജീവനത്തിനായി ലോകത്തെമ്പാടുമുള്ള മലയാളികളുടേയും ആസ്വാദകരുടെയും സഹായത്തോടെ ഓൺലൈൻ കലാ പരിപാടികൾക്ക് തുടക്കമായി. ക്ലാസ്സിക്കൽ കലകളുടെ പരിപോഷണത്തിന് വേണ്ടി കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ചെറുതുരുത്തി കഥകളി സ്‌കൂളാണ് വേദികൾ നഷ്ടപ്പെട്ട കലാകാരന്മാർക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലെ വാഷിംഗ്ടണിലെ മലയാളി സംഘടനയ്ക്ക് വേണ്ടി ഗീത ഉപദേശം, രുഗ്മാംഗദ ചരിതം കഥകളി നടന്നു. കലാമണ്ഡലം ആദിത്യൻ, കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം പ്രവീൺ (കഥകളി വേഷം), കലാമണ്ഡലം കൃഷ്ണകുമാർ, സദനം സായികുമാർ (കഥകളി സംഗീതം) കലാമണ്ഡലം സുധീഷ് (ചെണ്ട ) കലാമണ്ഡലം അമിതേഷ് (മദ്ദളം) കലാമണ്ഡലം സുധീഷ് (ചുട്ടി) ഷാജി, സദനം വിവേക് എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഓൺലൈൻ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. മിഴാവ്, മേളം, തുള്ളൽ, നൃത്തം എന്നിവ വരുംദിവസങ്ങളിൽ ഓൺലൈൻ പരിപാടികൾ ആയി നടക്കും.
-കലാമണ്ഡലം ഗോപാലകൃഷ്ണൻ (കഥകളി സ്‌കൂൾ ഡയറക്ടർ)-