വടക്കാഞ്ചേരി: ഹൈടെക്കാകാനൊരുങ്ങി പാർളിക്കാട് ഗവൺമെന്റ് യു.പി സ്‌കൂൾ. വിദ്യാലയത്തിലെ പഴയ കെട്ടിടം പൊളിച്ച് നീക്കി അവിടെ അന്താരാഷ്ട്ര നിലവാരത്തിൽ 5000 സ്‌ക്വയർ ഫീറ്റിൽ ആധുനിക രീതിയിൽ പുതിയ കെട്ടിടം നിർമ്മിക്കും. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മുൻ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്റെ ഇടപെടലിനെത്തുടർന്ന് സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചിലവിലാണ് നിർമ്മാണം. 6 മാസംകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. നഗരസഭയുടെ ആവശ്യാനുസരണമാണ് 2020-21 ബഡ്ജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചത്. പി.ഡബ്ല്യു.ഡി ബിൽഡിംഗ്‌സ് ഡിപ്പാർട്ട്‌മെന്റിനാണ് നിർമ്മാണചുമതല. കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയ പൊതുവിദ്യാലയവും വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് തന്നെ പാഠഭാഗങ്ങൾ ആദ്യമായി ഡിജിറ്റലൈസ് ചെയ്ത വിദ്യാലയമെന്ന ഖ്യാതിയുമുണ്ട് ഈ സരസ്വതീ ക്ഷേത്രത്തിന്.
പുതിയ കെട്ടിടത്തിലെ ഡിജിറ്റൽ ക്ലാസ് മുറികളും ശൗചാലയമുൾപ്പടെയുള്ള സൗകര്യങ്ങളും വിദ്യാലയ മികവിന്റെ കയ്യൊപ്പാകും.
-എം.ആർ അനൂപ് കിഷോർ (നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ)-