കൊടുങ്ങല്ലൂർ: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തിയ അനുസ്മരണ യോഗം കഴിഞ്ഞ് പോയവർക്കെതിരെ പൊലീസ് കേസെടുത്തതായി പരാതി. കോൺഗ്രസ് നേതാവായ എ.പി ആന്റണിയുടെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബൂത്ത് പ്രസിഡന്റും മുൻ കൗൺസിലറുമായ എം.എ സത്യൻ, മണ്ഡലം ഭാരവാഹികളായ ഹനീഫ, ജയൻ എന്നിവർക്കെതിരയാണ് കേസ്. പൊലീസ് നടപടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. നടപടി ക്രൂരവും പ്രതിഷേധാർഹവുമാണന്ന് മണ്ഡലം പ്രസിഡന്റ് ഇ.എസ് സാബു പറഞ്ഞു.