ചാലക്കുടി: പെരിങ്ങൽക്കുത്ത് ഡാമിലെ സ്ലൂയിസ് വാൽവ് വീണ്ടും തുറക്കാൻ സാദ്ധ്യത. ജലവിതാനം 421 മീറ്ററിലെത്തിയ സാഹചര്യത്തിലാണ് എമർജൻസി ഗേറ്റിലൂടെ വെള്ളം വിടുന്നത് ആലോചിക്കുന്നത്. ചാലക്കുടിപ്പുഴയിൽ വീണ്ടും ജലനിരപ്പ് ഉയരുമെങ്കിലും നിലവിൽ ആശങ്കയില്ലെന്നാണ് വൈദ്യുതി ബോർഡിന്റെ അഭിപ്രായം. തുറന്നിട്ടിരിക്കുന്ന ഷട്ടറുകളുടെ സ്പിൽവേയിലൂടെ വെള്ളം പുഴയിലേക്ക് എത്തുന്നുണ്ട്. തമിഴ്‌നാട് അതിർത്തിയിലെ തൂണക്കടവ് ജലസേചന പദ്ധതിയിൽ നിന്നും ചെറിയതോതിൽ പെരിങ്ങൽക്കുത്ത് ഡാമിലേക്ക് വെള്ളം തിരിച്ചുവിടാനും സാദ്ധ്യതയുണ്ട്. ഇതിനിടെ ഷോളയാറിന് മുകളിലെ തമിഴ്‌നാടിന്റെ അപ്പർ ഷോളയാർ നിറയുന്ന അവസ്ഥ സംജാതമായിട്ടുണ്ട്്. 5 അടികൂടി ഉൾക്കൊള്ളുമെങ്കിലും ഇവിടെനിന്നും പറമ്പിക്കുളം ഡാമിലേക്ക് വെള്ളം വിട്ടു തുടങ്ങി. പറമ്പിക്കുളം നിറയാൻ ഇനിയും 30 അടി വെള്ളം വേണം. ഇതിൽ നിന്നു കൂടി വെള്ളം പൊരിങ്ങൽക്കുത്തിലേക്ക് എത്തിയാൽ മാത്രമാണ് ചാലക്കുടിപ്പുഴക്ക് ഭീഷണി ആവുകയുള്ളു. വ്യാഴാഴ്ച രാത്രി പദ്ധതി പ്രദേശത്ത് കനത്ത മഴയും പെയ്തു. എന്നാൽ വെള്ളിയാഴ്ച പകൽ മഴയില്ലാതിരുന്നത് ആശ്വാസമായി.