odu
വർഷങ്ങൾ പഴക്കമുള്ള പാറക്കോവിൽ രശ്മി ഓട്ട് കമ്പനിയുടെ പുക കുഴൽ അടിഭാഗം യന്ത്ര സഹായത്തേടെ പൊളിച്ചു നീക്കുന്നു.

ചേർപ്പ്: വർഷങ്ങൾ പഴക്കമുള്ള പാറക്കോവിൽ രശ്മി ഓട്ടുകമ്പനിയുടെ പുകക്കുഴൽ ആധുനിക സാങ്കേതിക യന്ത്രങ്ങളുടെ സഹായത്തോടെ പൊളിച്ചു നീക്കി. ഓട്ടുകമ്പനി പ്രവർത്തനം നിറുത്തിയതിന്റെ ഭാഗമായിട്ടാണ് പുകക്കുഴൽ ഇന്നലെ പൊളിച്ചു മാറ്റിയത്.

1984ൽ 15 പേർ പാർട്ട്ണർമാരായി തുടങ്ങിയ ഓട്ടുകമ്പനിക്കായി ഓട്, ചിമ്മിണി കട്ട, കുമ്മായം, മണൽ എന്നിവ മിശ്രിതമാക്കിയാണ് പുകക്കുഴലും മറ്റു ഭാഗങ്ങളും നിർമ്മിച്ചതെന്ന് പാർട്ട്ണർമാരിൽ ഒരാളായ ടി.വി വാസുദേവൻ പറഞ്ഞു. തൊഴിലാളികൾ ചേർന്ന് നില കെട്ടിയാണ് 120 അടിയിലേറെ ഉയരം വരുന്ന പുകക്കുഴൽ അന്നത്തെ കാലത്ത് നിർമ്മിച്ചിരുന്നത്. ഓട് നിർമ്മാണം സജീവമായിരുന്ന സമയത്ത് അമ്പതിലേറെ തൊഴിലാളികളും രശ്മി ഓട്ടുകമ്പനിയിൽ ഉണ്ടായിരുന്നു. കളിമണ്ണിന്റെ ലഭ്യത കുറവും മറ്റുമാണ് ഓട്ടുകമ്പനികളുടെ പ്രവർത്തനം നിറുത്താനിടയാക്കിയത്. സ്ത്രീകളടങ്ങുന്ന തൊഴിലാളി വിഭാഗത്തിന് ഒരു കാലത്ത് ജീവിത ഉപാധിയായിരുന്നു ഓട്ടുകമ്പനിയിലെ തൊഴിൽ. ഇന്ന് ജില്ലയിൽ പലയിടത്തും ഓട്ടുകമ്പനികൾ പ്രവർത്തനം നിലച്ച അവസ്ഥയിലാണ്.

ചേർപ്പ് പാറക്കോവിൽ പൂച്ചിന്നിപ്പാടം, വല്ലച്ചിറ എന്നിവിടങ്ങളിലും ഓട്ടുകമ്പനികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പലതും തകർച്ചയുടെ വക്കിലാണെന്ന് ഉടമകൾ പറയുന്നു.


വർഷങ്ങൾ പഴക്കമുള്ള പാറക്കോവിൽ രശ്മി ഓട്ടുകമ്പനിയുടെ പുകക്കുഴലിന്റെ അടിഭാഗം യന്ത്ര സഹായത്തോടെ പൊളിച്ചു നീക്കുന്നു.