ചാലക്കുടി: കൊവിഡ് വാക്‌സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ അംഗങ്ങൾ ചെയർമാന് കത്ത് നൽകി. പ്രതിപക്ഷ അംഗങ്ങളും സ്വതന്ത്ര അംഗങ്ങളുമടക്കം എട്ട് പേർ ഒപ്പിട്ട നിവേദനമാണ് നൽകിയത്. സർക്കാരും ആരോഗ്യ വകുപ്പും നിശ്ചയിച്ചപ്രകാരം നഗരസഭയിൽ കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുക, വാക്‌സിൻ വിതരണം എല്ലാ വാർഡുകളിലും ആശാവർക്കർമാർ വഴി നൽകുക, കിടപ്പ് രോഗികൾ, അറുപത് വയസ്സ് കഴിഞ്ഞവർ, വിദ്യാർത്ഥികൾ ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നവർ, എന്നിവർക്ക് മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടു വച്ചത്. കൗൺസിലർമാർ വഴി ടോക്കൺ വിതരണം ചെയ്യുന്ന അശാസ്ത്രീയ രീതി അവസാനിപ്പിക്കണമെന്നും ആവശ്യവും ഉന്നയിച്ചു.