കൊവിഡ് വാക്‌സിൻ: തൃക്കൂരിൽ ഇഷ്ടക്കാർക്ക് മറിച്ച് നൽകുന്നതായി ആക്ഷേപം
കല്ലൂർ: തൃക്കൂർ പഞ്ചായത്തിൽ ഭരണസമിതി കൊവിഡ് വാക്‌സിൻ തിരിമറി നടത്തി മറിച്ച് നൽകുന്നതായി ആക്ഷേപം. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബാഗിൽ ഒളിപ്പിച്ചുവെച്ച 115 ഡോസ് വാക്‌സിന്റെ ലിസ്റ്റ് പ്രതിപക്ഷ അംഗങ്ങൾ കണ്ടെടുത്തതായി പറയുന്നു. നിരവധിപേർ വാക്‌സിനായി കാത്തിരിക്കുമ്പോഴാണ് ഭരണ സമിതി ഇഷ്ടക്കാർക്ക് അനധികൃതമായി നൽകുന്നുവെന്ന് ആക്ഷേപം ഉയർന്നത്. ഏപ്രിൽ 5 മുതൽ 15 വരെയുള്ള ലിസ്റ്റ് പ്രകാരം 2500 പേർക്കാണ് ആദ്യഡോസ് വാക്‌സിൻ ലഭിക്കേണ്ടത്. ഇതിൽ 1850 പേർക്കുള്ള വാക്‌സിൻ ഡി.എം.ഒ ഓഫീസ് അനുവദിച്ചിരുന്നു. ഏപ്രിൽ 5, മുതൽ 10 വരെയുള്ള തീയതികളിലുള്ളവർക്ക് നൽകിയതിന് ശേഷവും പലക്കപറമ്പിൽ 1000 പേരുടെ മെഗാ വാക്‌സിൻ വിതരണം നടത്തിയതിനും ശേഷം 315 ഡോസ് വാക്‌സിൻ ബാക്കി വന്നിരുന്നു. ഇത് ഇന്നലെ വിതരണം ചെയ്യാമെന്ന് ഡി.എം.ഒ അനുവാദം കൊടുത്തു. ഇതേതുടർന്ന് 15 വാർഡിൽ 10 പേർക്ക് വീതവും രണ്ട് വാർഡിൽ 15 പേർക്ക് വീതവും നൽകാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വാർഡ് അംഗങ്ങളെ അറിയിക്കുകയും വാക്‌സിൻ സ്വീകരിക്കാൻ ആളുകൾ എത്തുകയും ചെയ്തു. എന്നാൽ ബാക്കിയുള്ള വാക്‌സിൻ എന്ത് ചെയ്തുവെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ചോദിച്ചപ്പോൾ മുഴുവൻ ലിസ്റ്റും പഞ്ചായത്തിന് കൈമാറിയെന്നും വാർഡ് ഒന്നുക്ക് 15 എണ്ണം നൽകാമെന്ന് പ്രസിഡന്റിനെ അറിയിച്ചിരുന്നുവെന്ന് ചുമതലയുള്ള ഡോക്ടർ പറഞ്ഞു. എന്നാൽ വാർഡ് ഒന്നുക്ക് 10 എണ്ണം നൽകാമെന്നാണ് പ്രസിഡന്റ് അറിയിച്ചത്. ഓരോ വാർഡിൽ നിന്ന് 5 ഡോസ് വീതം അർഹതയില്ലാത്തവർക്ക് നൽകാനായിരുന്നു പരിപാടി എന്നാണ് ആക്ഷേപം. തുടർന്ന് ചോദ്യം ഉയർന്നതോടെ 115 വാക്‌സിന്റെ ലിസ്റ്റ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സന്റെ ബാഗിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. ഇഷ്ടക്കാർക്ക് വാക്‌സിൻ മറിച്ച് നൽകാനുള്ള പ്രസിഡന്റിന്റെയും ചെയർപേഴ്‌സന്റെയും ഒത്തുകളിയിൽ നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് 115 ഡോസും വിതരണം ചെയ്തു.