ചാലക്കുടി: പൂങ്ങോട്, അകമല, വാണിയംപാറ, പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനുകൾ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലും വഞ്ചനാ ദിനം ആചരിച്ചു. കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്ത ജീവനക്കാർ വൈകീട്ട് പ്രതിഷേധ ജ്വാലയും തെളിച്ചു. അവധിയിലും ക്വാറന്റൈനിലും ആയിരുന്നവർ വീടുകളിലും ജ്വാല തെളിയിച്ച് പ്രതിഷേധത്തിൽ പങ്കാളികളായി. ചാലക്കുടി ഡിവിഷനിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് മേഖലാ പ്രസിഡന്റ് പി.രവീന്ദ്രൻ ചാലക്കുടി മൊബൈൽ സ്‌ക്വാഡിലും സെക്രട്ടറി കെ.ബി രാജുമോൻ കൊന്നക്കുഴി സ്റ്റേഷനിലും സംസ്ഥാന കൗൺസിലർ ഗിരീഷ് മുപ്ലിയം സ്റ്റേഷനിലും നേതൃത്വം നൽകി.