medical-college

തൃശൂർ : കൊവിഡ് വ്യാപനവും ഉത്തരവാദിത്വപ്പെട്ടവരുടെ അഭാവവും മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു. കഴിഞ്ഞ എതാനും ദിവസങ്ങളായി എം.ബി.ബി.എസ്,ദന്തൽ വിഭാഗത്തിലെ വിദ്യാർത്ഥികളടക്കം നിരവധി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് പ്രാക്ടിക്കൽ പരീക്ഷയടക്കം മാറ്റിവെയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. അറുപതോളം വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവരെല്ലാം രണ്ട് ഡോസ് എടുത്തവർ. ശസ്ത്രക്രിയ കഴിഞ്ഞ നിരവധി രോഗികൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. വ്യാപന സാദ്ധ്യത കണക്കിലെടുത്തും ഒ.പി.കൗണ്ടറിന്റെ പ്രവർത്തനത്തിന് നിയന്ത്രണമേർപ്പെടുത്തി. തിങ്കളാഴ്ച്ച മുതൽ രാവിലെ 7.30 മുതൽ രാവിലെ 11 മണി വരെ മാത്രമെ ഉണ്ടായിരിക്കുകയുള്ളവെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ്ജ് അറിയിച്ചു. അതേസമയം പ്രധാന ഡിപ്പാർട്ട്‌മെന്റുകളിൽ ഒന്നും തന്നെ മേധാവികൾ ഇല്ലായെന്നത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. എപ്രിൽ 30 ന് പ്രിൻസിപ്പൽ വിരമിച്ചെങ്കിലും പകരം ആളം നിയമിച്ചിട്ടില്ല. വൈസ് പ്രിൻസിപ്പലിനാണ് ചുമതല. എറ്റവും പ്രധാനപ്പെട്ട വിഭാഗമായ മെഡിസിനിൽ പ്രൊഫസർ തസ്തിക ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വാർഡുകളിൽ കൊവിഡ് പ്രോട്ടോകാൾ പാലിക്കാൻ സാധിക്കുന്നില്ല. വാർഡുകളിൽ രോഗികൾക്ക് ചികിത്സക്കിടെ കൊവിഡ് സ്ഥിരീകരിച്ചാൽ അണുനശീകരണം നടത്താൻ പോലും സംവിധാനങ്ങളില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി താത്ക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും കൃത്യമായി ഇവർക്ക് നിർദ്ദേശം നൽകി ജോലി ചെയ്യിപ്പിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കൊവിഡ് വ്യാപനത്തിനിടയിലും ദിനം പ്രതി ആയിരക്കണക്കിന് രോഗികളാണ് ചികിത്സ തേടിയെത്തുന്നത്.

കോഫി ഹൗസ് അടഞ്ഞു തന്നെ

കൊവിഡ് ബാധിച്ച് കൗണ്ടർ ക്ലാർക്ക് മരിക്കുകയും 13 ജീവനക്കാർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത് മെഡിക്കൽ കോളേജ് കോമ്പൗണ്ടിനുള്ളിലെ ഇന്ത്യൻ കോഫി ഹൗസ് തുറക്കാൻ നടപടിയായില്ല. അറുപതോളം ജീവനക്കാർ ആണ് ഇവിടെ ജോലി ചെയ്യുന്നത്. സ്ഥാപനം തുറക്കുന്നതിന്റെ ഭാഗമായി അണുനശീകരണവും മറ്റും നടത്തിയെങ്കിലും ആരോഗ്യ വകുപ്പ് പ്രവർത്താനുമതി നൽകിയിട്ടില്ല.