hawala

വിവരം കുറ്റപത്രത്തിൽ

തൃശൂർ: കൊടകര കുഴൽപ്പണക്കവർച്ചയ്ക്ക് ഏതാണ്ട് ഒരു മാസം മുൻപ് സേലത്തും സമാന രീതിയിൽ 4.40 കോടി രൂപ കവർന്നെന്ന് കൊടകര കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി. മാർച്ച് ആറിന് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സേലം വഴി പണമെത്തിക്കുമ്പോൾ കൊങ്കണാപുരത്തായിരുന്നു സംഭവം. കാറിൽ കൊണ്ടുവന്ന പണം ക്രിമിനൽ സംഘം തടഞ്ഞ് കവരുകയായിരുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ബി.ജെ.പി കൊണ്ടുവന്ന പണമാണ് ഇതുമെന്നാണ് കുറ്റപത്രത്തിലെ പരാമർശം.

സംഘം ഉപേക്ഷിച്ച കാർ പൊലീസ് കണ്ടെടുത്തു. കാർ ഉടമയ്ക്ക് പൊലീസ് നോട്ടീസ് അയച്ചിട്ട് പ്രതികരണമുണ്ടായില്ല. ഇതുസംബന്ധിച്ച് ആരും പരാതിയും നൽകിയില്ല. ധർമ്മരാജന്റെ അടുത്ത ബന്ധുവിനായിരുന്നു പണം കൊണ്ടുവരാനുള്ള ചുമതല. പണം സൂക്ഷിച്ച വാഹനം ഓടിച്ചിരുന്നത് കൂത്തുപറമ്പ് സ്വദേശിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊങ്കണാപുരം പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഉപേക്ഷിച്ച കാർ ഇപ്പോഴും അവിടെ കിടപ്പുണ്ടെങ്കിലും പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.

പണം കൊണ്ടുവന്ന കൂത്തുപറമ്പ് സ്വദേശി തന്നെയെന്ന് കവർച്ചയ്ക്ക് പിന്നിലെന്ന് പിന്നീട് വ്യക്തമായി. പണം നഷ്ടപ്പെട്ട കാര്യം പുറത്തറിഞ്ഞതോടെ, ഒരു കോടി രൂപ ഇയാൾ കേരളത്തിലുള്ളവർക്ക് കൈമാറി. ബംഗളൂരുവിലെ ചില കേന്ദ്രങ്ങൾ വഴിയാണ് പണം കൈമാറിയത്.

നാല്പത് കോടി കേരളത്തിലെത്തിച്ചു

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട് കർണാടകയിൽ സ്വരൂപിച്ച 17 കോടി രൂപ മാർച്ച് ഒന്നു മുതൽ 26 വരെ പല ദിവസങ്ങളായി ധർമരാജൻ, ധനരാജൻ, ഷിജിൻ, ഷൈജു എന്നിവർ നേരിട്ടും, 23 കോടി രൂപ കോഴിക്കോട്ടുള്ള ഹവാല ഏജന്റുമാർ മുഖേനയും കേരളത്തിലെത്തിച്ചെന്ന് കുറ്റപത്രത്തിലുണ്ട്. ഇത് പല ജില്ലകളിലുള്ള ബി.ജെ.പി ഭാരവാഹികൾക്ക് എത്തിച്ചിട്ടുണ്ടെന്നും പറയുന്നു.