arrest
അറസ്റ്റിലായവർ

ചാലക്കുടി : കോഴിത്തീറ്റയുടെ മറവിൽ നാഷണൽ പെർമിറ്റ് ലോറിയിലും കാറിലുമായി കടത്തുകയായിരുന്ന 210 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനടക്കം അഞ്ച് പേർ കൊരട്ടിയിൽ അറസ്റ്റിൽ. താണിക്കുടം തേമന വീട്ടിൽ രാജീവ് (46), ലാലൂർ ആലപ്പാട്ട് വീട്ടിൽ ജോസ് (40), മണ്ണുത്തി വലിയ വീട്ടിൽ സുബാഷ് (42), പഴയന്നൂർ വേണാട്ടുപറമ്പിൽ മനീഷ് (23), തമിഴ്‌നാട് തേനി സ്വദേശി സുരേഷ് (35) എന്നിവരാണ് പിടിയിലായത്.

ജില്ലാ റൂറൽ എസ്.പി. പൂങ്കഴിലിക്ക് ലഭിച്ച രഹസ്യത്തെ തുടർന്ന് ഡാൻസാഫ് സംഘവും കൊരട്ടി പൊലീസും ചേർന്ന് ഗവ. ഒഫ് ഇന്ത്യാ പ്രസ് കവാടത്തിന് സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്. ചില്ലറ വിൽപ്പനയിലൂടെ ഇത്രയും കഞ്ചാവിന് 4 കോടിയോളം രൂപ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ലോറിയിൽ നിന്ന് ആറ് ചാക്ക് കഞ്ചാവും ജോസ് ഓടിച്ചിരുന്ന മാരുതി കാറിന്റെ ഡിക്കിയിൽ നിന്ന് ഒരു ചാക്കുമാണ് പിടിച്ചെടുത്തത്. വിശാഖപട്ടണത്ത് നിന്ന് തെക്കൻ ജില്ലകളിലേക്കായാണ് ഇവ കടത്തിയത്.

ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. സി. ഷാജ് തോമസ്, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷ്, തൃശൂർ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബിജുമോൻ, കൊരട്ടി സി.ഐ ബി.കെ. അരുൺ, തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് എം.പി. മുഹമ്മദ് റാഫി, എസ്.ഐമാരായ ഷാജു എടത്താടൻ, സി.കെ. സുരേഷ്, എം.എസ്. പ്രദീപ്, സജി വർഗീസ് തുടങ്ങിയവർ ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്.