oksbo
ഓക്‌സ്‌ബോ തടാകത്തിന് കുറുകെയുള്ള കനാൽ പാലം തകർന്ന നിലയിൽ

മാള: ചരിത്ര പ്രാധാന്യമുള്ള, ഓക്‌സ്‌ബോ തടാകത്തിന് കുറുകെയുള്ള കനാൽ പാലം തകർന്നു. ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലുള്ള പാലം തകർന്ന് ബൈക്ക് യാത്രക്കാരൻ വീണു. പാലം തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്. കാടുകുറ്റി പഞ്ചായത്തിലെ പാളയംപറമ്പിനെയും ആലത്തൂരിനെയും ബന്ധിപ്പിക്കുന്ന നടപ്പാലമാണ് തകർന്നത്.

കനാൽ കടന്നുപോകുന്നതിന്റെ മുകളിലൂടെയുള്ള നാല് അടി മാത്രം വീതിയുള്ള പാലത്തിലൂടെ കാൽനട യാത്രക്കാരും ബൈക്കുകളുമാണ് പോകാറുള്ളത്. 40 അടി നീളമുള്ള ഈ നടപ്പാലം 1983 ലാണ് നിർമ്മിച്ചത്. പാലത്തിനും കനാലിനും താഴെ 20 അടി ആഴത്തിലാണ് ഓക്‌സ്‌ബോ തടാകമുള്ളത്. 25 വർഷത്തെ കാലാവധിയിൽ നിർമ്മിച്ച കനാലിന്റെ വശങ്ങളിൽ ഏറെക്കാലമായി ചോർച്ച അനുഭവപ്പെടുന്നുണ്ട്. കൊണ്ടൊഴിഞ്ഞാൽ ജലസേചന പദ്ധതിയുടെ ഭാഗമായ കനാൽ ഏറെക്കാലമായി ചോർന്ന് ബലക്ഷയം സംഭവിച്ചുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ മൂന്ന് വർഷം മുൻപ് എക്‌സിക്യൂട്ടീവ് എൻജിനിയർ സ്ഥലം സന്ദർശിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ചെറുകിട ജലസേചന വകുപ്പ് അധികൃതർ പാലത്തിന്റെ ബലക്ഷയം മനസിലാക്കി മൂന്ന് വർഷം മുൻപ് ഗതാഗതം നിരോധിച്ച് ബോർഡ് സ്ഥാപിച്ചിരുന്നു. കനാലും പാലവും പൂർണമായി പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാലവും നിർമ്മാണവും

നടപ്പാലം നിർമ്മിച്ചത് 1983ൽ

കാൽനട യാത്രക്കാരും ബൈക്കുകൾക്കും മാത്രമായി

നാല് അടി വീതി,​ 40 അടി നീളം