ചെറുതുരുത്തി: പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്മശ്രീ ഡോ. കെ. രാജഗോപാലൻ മെമ്മോറിയൽ ആയുർവേദ റിസർച്ച് ഫൗണ്ടേഷന്റെ പ്രഥമ എൻഡോവ്‌മെന്റ് വിതരണം ചെയ്തു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ബി.എ.എം.എസ് പരീക്ഷയിൽ കായചികിത്സ വിഷയത്തിൽ സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഒല്ലൂർ വൈദ്യരത്‌നം ആയുർവേദ കോളേജിലെ ഡോ. ശിഖ ടി.എസ് ആണ് എൻഡോവ്‌മെന്റിന് അർഹയായത്. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് എൻഡോവ്‌മെന്റ്. പി.എൻ.എൻ.എം ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പൾ ഡോ. സിസ്റ്റർ ഡൊണേറ്റ എൻഡോവ്‌മെന്റ് വിതരണം ചെയ്തു. ചടങ്ങിൽ കോളേജ് സെക്രട്ടറി എം. മുരളീധരൻ അദ്ധ്യക്ഷനായിരുന്നു. ഒല്ലൂർ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. ഷീബ സുനിൽ, കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത്, വൈസ് പ്രിൻസിപ്പൽ ഡോ. ജിജി മാത്യു, ഡോ. അർജ്ജുൻ എന്നിവർ പ്രസംഗിച്ചു.
പ്രശസ്ത ആയുർവേദ ചികിത്സകനും പണ്ഡിതനുമായിരുന്ന ഡോ. കെ. രാജഗോപാലൻ ദീർഘകാലം കേരളീയ ആയുർവേദ സമാജം പ്രസിഡന്റും പി.എൻ.എൻ.എം. ആയുർവേദ കോളേജിന്റെ അക്കാഡമിക് അഡ്വൈസറും ആയിരുന്നു.