1
തകർന്ന പാർളിക്കാട് കാട്ടിലങ്ങാടി റോഡ്

വടക്കഞ്ചേരി: കാളവണ്ടിയുഗത്തെ അനുസ്മരിപ്പിക്കുന്ന ദുർഘടപാതയിലൂടെ ദുരിതയാത്ര നടത്തി പാർളിക്കാട്- കാട്ടിലങ്ങാടി റോഡ് നിവാസികൾ. നൂറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന റോഡ് തകർന്ന് തരിപ്പണമായിട്ടും ചെറുവിരലനക്കാത്ത അധികൃതരുടെ അവഗണനക്കെതിരെ ജനരോഷം ശക്തമാവുകയാണ്. പാർളിക്കാട് റെയിൽവേ ഗേറ്റ് മുതൽ ആരംഭിക്കുന്ന രണ്ടര കിലോമീറ്ററോളം ദൂരം റോഡ് പൂർണമായും തകർന്ന് കഴിഞ്ഞു. പലയിടത്തും ടാറോ മെറ്റൽകഷ്ണങ്ങളോ പേരിനുപോലും അവശേഷിക്കുന്നില്ല എന്നതാണ് വസ്തുത. കുണ്ടുംകുഴിയും നിറഞ്ഞ റോഡിന്റെ വിവിധ കേന്ദ്രങ്ങളിൽ ജലാശയങ്ങൾ കണക്കെ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കയാണ്. കാൽനടയാത്ര പോലും ദുരിതപൂർണ്ണമാണെന്നതാണ് സ്ഥിതി. പട്ടികജാതിവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ: മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്കുള്ള പ്രധാനപാതയും ഇതുതന്നെ. ജില്ലയിൽ തന്നെ ഇത്ര ശോച്യാവസ്ഥയിലുള്ള റോഡ് ഉണ്ടാകില്ലെന്നും ഇതുവഴി യാത്ര ചെയ്ത് നടുവൊടിയാറായെന്നും വീട്ടമ്മമാർ ഉൾപ്പടെയുള്ളവർ സാക്ഷ്യപ്പെടുത്തുന്നു. ആശുപത്രിയിലേക്കും മറ്റുമുള്ള അടിയന്തിര ഘട്ടങ്ങളിൽപ്പോലും ഒട്ടോറിക്ഷ ഉൾപ്പടെയുള്ള ടാക്‌സി വാഹനങ്ങളും മറ്റും ഇങ്ങോട്ടുവരാൻ വിമുഖത കാണിക്കുകയാണെന്നും അവർ സങ്കടത്തോടെ പറയുന്നു. ഒരു പതിറ്റാണ്ടായി ശോച്യാവസ്ഥയിൽ തുടരുന്ന റോഡ് വീണ്ടെടുത്ത് തങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.