mathilakam-brc

മണപ്പുറം ഫൗണ്ടേഷൻ മതിലകം ബി.ആർ.സിയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് നൽകുന്ന ഡിജിറ്റൽ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു

കയ്പമംഗലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മതിലകം ബി.ആർ.സിയിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബി.ആർ.സി ഹാളിൽ നിർദ്ധനരായ 40 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ, 2000 നോട്ട് പുസ്തകം, 1200 പേന എന്നിവയാണ് വിതരണം ചെയ്തത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ അദ്ധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്ജ് ഡി. ദാസ് പഠനോപകരണങ്ങൾ ബി.ആർ.സിക്ക് സമർപ്പിച്ചു. ബി.പി.സി സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിനീത മോഹൻദാസ്, സീനത്ത് ബഷീർ, എം.എസ് മോഹനൻ, ബിന്ദു രാധാകൃഷ്ണൻ, ടി.കെ. ചന്ദ്രബാബു, കൊടുങ്ങല്ലൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.വി ദിനകരൻ, വലപ്പാട് ഉപജില്ലാ ഓഫീസർ കെ. ബീന തുടങ്ങിയവർ സംസാരിച്ചു.