കുന്നംകുളം: കിണറ്റിൽ വീണ പശുക്കിടാവിനെയും രക്ഷിക്കാനിറങ്ങിയ മദ്ധ്യവയസ്‌കനെയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ആനായ്ക്കൽ സ്വദേശി സോമൻ (58) നെയും ഇയാളുടെ ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെയുമാണ് കുന്നംകുളം ഫയർഫോഴ്‌സ് രക്ഷപ്പെടുത്തിയത്. 50 അടി താഴ്ചയുള്ള കിണറ്റിൽ 20 അടിയോളം വെള്ളത്തിലേക്കാണ് പശുക്കിടാവ് വീണത്. ഇതിനെ രക്ഷിക്കാനിറങ്ങി സോമൻ കിണറ്റിൽ കുടുങ്ങുകയായിരുന്നു. സീനിയർ ഫയർ ഓഫീസർ ടി.കെ എൽദോയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഷിനോജ്, ഹരിക്കുട്ടൻ എന്നിവർ ലാഡർ, നെറ്റ് എന്നിവയുടെ സഹായത്തോടെയാണ് കിണറ്റിലിറങ്ങി അവശനായ സോമനെ കരയ്ക്ക് കയറ്റിയത്. തുടർന്ന് ബെൽറ്റ് ഹോസ് ഉപയോഗിച്ച് പശുക്കിടാവിനെയും കരയ്‌ക്കെത്തിച്ചു. ഫയർ ഓഫീസർമാരായ രഞ്ജിത്ത് എ. ആർ, നിതിൻ.പി, ഷിജുക്കുട്ടൻ, നിഖിൽ എന്നിവരും ഉണ്ടായിരുന്നു.