കൊടുങ്ങല്ലൂർ: മഹാമാരിക്കെതിരെ ജാഗ്രതയോടെ കേരളം പ്രവർത്തിക്കുമ്പോൾ കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമർശനം കഥയറിയാതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവീകരിച്ച സി.പി.എം കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ ആരോഗ്യ മന്ത്രിയായിരുന്ന ഹർഷ വർദ്ധൻ സംസ്ഥാനത്തെ ആരോഗ്യമേഖലയെ പുകഴ്ത്തിയതാണ്. പുതിയ കേന്ദ്ര മന്ത്രി കാര്യങ്ങൾ പഠിക്കാൻ തയ്യാറാകണം. നേതാക്കളുടെയടക്കം ഫോൺ ചോർത്തലിലൂടെ കേന്ദ്ര സർക്കാർ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണ്. ആർക്കും സ്വകാര്യതയില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുതിർന്നേ നേതാവ് അമ്പാടി വേണു അദ്ധ്യക്ഷനായി. ടി.കെ. നാരായണൻ സ്മാരക ഹാൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. കെ.യു. ബിജു സ്മാരക ലൈബ്രറിയും റീഡിംഗ് റൂം ജില്ലാ സെക്രട്ടറി എം.എം വർഗീസും ഉദ്ഘാടനം ചെയ്തു. കെ.എസ്. മുഹമ്മദ് സ്മാരക ഹാൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് ഉദ്ഘാടനം ചെയ്തു. വി.ആർ സുനിൽ കുമാർ എം.എൽ.എ, ഏരിയാ സെക്രട്ടറി പി.കെ. ചന്ദ്രശേഖരൻ, ജില്ലാ കമ്മിറ്റി അംഗം കെ.വി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.