bridge

ഷോളയാർ: മണ്ണിടിച്ചിലിനെ തുടർന്ന് പത്തടിപ്പാലത്ത് പാലം തകർന്നതോടെ മലക്കപ്പാറ ഒറ്റപ്പെട്ട അവസ്ഥയിൽ. മലക്കപ്പാറയിലേക്ക് വാഹനങ്ങൾക്ക് പോകാനാകുന്നില്ല. ഏറെ സാഹസികമായി വൈദ്യുതി ബോർഡിന്റെ വാഹനം മാത്രമാണ് കടത്തി വിടുന്നത്. താത്കാലിക സംവിധാനം ഒരുക്കിയാൽ മാത്രമേ ഇനി വാഹനങ്ങൾക്ക് ഇതിലേ സഞ്ചരിക്കാനാകൂ.

ഇതേക്കുറിച്ച് പരിശോധിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും വനപാലകരും സ്ഥലത്തെത്തി. കൊവിഡ് ബാധയുണ്ടായാൽ പോലും ആളുകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകാനും കഴിയാത്ത അവസ്ഥയാണ്. വെള്ളിയാഴ്ച രാത്രിയാണ് ശാന്തൻപാറയ്ക്ക് സമീപത്തെ പാലത്തിന്റെ ഭൂരിഭാഗവും ഇടിഞ്ഞത്. ചെറിയ തോടിന് കുറുകെയുള്ള പാലം ഏറെക്കാലമായി നിലനിൽപ്പ് ഭീഷണിയിലായിരുന്നു. ശക്തമായ ഒഴുക്കുള്ളതിനാൽ തോട്ടിൽ മണൽ ചാക്കുകൾ നിറക്കലും ശ്രമകരമാണ്. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് സ്ഥലത്തെത്തി.