നന്ദിപുലം: കനത്ത മഴയിൽ കുറുമാലിപുഴയിലെ ഒഴുക്ക് ശക്തമായതോടെ ആറ്റപ്പിള്ളി പാലത്തിന്റെ അപ്രോച്ച്‌റോഡിൽ വീണ്ടും ഗർത്തം രൂപപെട്ടു. മുമ്പ് ഗർത്തം രൂപപെട്ടതിന് സമീപം കൂടുതൽ വൃത്താകൃതിയിലാണ് ഇക്കുറി റോഡ് ഇടിഞ്ഞു താഴ്ന്നത്. പാലത്തോട് ചേർന്ന് അപ്രോച്ച് റോഡിന്റെ കരിങ്കൽ ഭിത്തിക്ക് സമീപവും തുടർന്ന് ഗോവണിക്ക് സമീപവും നേരത്തെ ഇടിഞ്ഞിരുന്നു. ഇത് നാലാം തവണയാണ് റോഡ് ഇടിയുന്നത്. ഇടിച്ചിൽ തുടരുന്നതിനാൽ ഈ വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. രണ്ട് മാസത്തിനിടെ നാലാം തവണയാണ് റോഡ് ഇടിയുന്നത്. മറ്റത്തൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. ഇരുപഞ്ചായത്തുകളും മേജർ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റും ചേർന്ന് ഗർത്തം ക്വാറിവേസ്റ്റ് കൊണ്ട് നികത്തിയെങ്കിലും മണ്ണിടിച്ചിൽ തുടരുകയാണ്.