ചാലക്കുടി: പെരിങ്ങൽക്കുത്ത് ഡാമിന്റെ എമർജൻസി ഗേറ്റ് തുറന്നതോടെ ചാലക്കുടിപ്പുഴയിലെ ജലവിതാനം ഉയർന്നു. നാട്ടിൽ ശനിയാഴ്ച പകലും മഴ വിട്ടുനിന്നത് വെള്ളപ്പൊക്ക ഭീഷണി താത്ക്കാലികമായി ഒഴിവാക്കാൻ കാരണമായി. എങ്കിലും ചാലക്കുടിപ്പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അങ്കലാപ്പിലാണ്. പുഴയുടെ കൈവഴിയായ പരിയാരം കപ്പത്തോടിൽ ക്രമാതീതമായി വെള്ളം ഉയർന്നിട്ടുണ്ട്. അതിരപ്പിള്ളി വെളളച്ചാട്ടം ഈ വർഷത്തെ ഏറ്റവും കൂടുതൽ കുത്തൊഴുക്കിലാണ്. ചാർപ്പ വെള്ളച്ചാട്ടവും കലിതുള്ളി ഒഴുകുന്നു. വൃഷ്ടിപ്രദേശങ്ങളിൽ രണ്ടു ദിവസമായി കനത്ത മഴയുണ്ടായതാണ് പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് വാൽവ് തുറക്കാനിടയാക്കിയത്. തമിഴ്‌നാട്ടിലെ തുണക്കടവ് ഡാമും രാത്രിയോടെ തുറക്കുമെന്ന സൂചന വന്നിട്ടുണ്ട്. ഇതിലെ വെള്ളവും പെരിങ്ങൽക്കുത്ത് ഡാമിലേക്കാണ് എത്തുക.