ചാലക്കുടി: കൊരട്ടിയിലെ സിവിൽ സർവീസ് വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മൊബൈൽ ഫോൺ നൽകി. 16-ാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന നിർദ്ധനനായ ഓട്ടോറിക്ഷാ തൊഴിലാളി തെക്കും തല ഷാജിയുടെ മകളായ കെസിയക്കാണ് വീട്ടിലെത്തി ഫോൺ സമ്മാനിച്ചത്. തിരുവനന്തപുരം തക്ഷശില സിവിൽ സർവീസ് അക്കാഡമിയിൽ പഠിക്കുന്നതിനിടയിലാണ് കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ കേടായത്. എന്നാൽ ഫോൺ വാങ്ങാൻ സാധിക്കാതിരുന്ന കുടുംബം പല സംഘടനകളോടും പറഞ്ഞിട്ടും നടന്നില്ല. വിവരം അറിഞ്ഞ യൂത്ത് കോൺഗ്രസ് നേതാവ് സച്ചിൻ രാജ് മുഖേന ഉമ്മൻ ചാണ്ടിയെ ബന്ധപ്പെടുകയും ആവശ്യം അറിയിക്കുകയും ചെയ്യുകയായിരുന്നു. ചാണ്ടി ഉമ്മനാണ് ഫോൺ കൈമാറിയത്. സനീഷ് കുമാർ ജോസഫ് എം.എൽ.എ,യൂത്ത് കോൺഗ്രസ് നേതാവ് സച്ചിൻരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം സജീർ ബാബു, ബ്ലോക്ക് ഭാരവാഹികളായ പി.വി. വേണു, മനേഷ് സെബാസ്റ്റ്യൻ, ഫിൻസോ തങ്കച്ചൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.