വാടാനപ്പിള്ളി: തീരദേശ മേഖലയിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ വാക്‌സിൻ വിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് പരാതി. ചിലയിടങ്ങളിൽ വാക്സിൻ ലഭിക്കാതെ വന്നപ്പോൾ തിരക്കും ബഹളവുമായി. കയ്യൂക്കുള്ളവർ കാര്യക്കാരാകുന്ന അവസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി. സാമൂഹിക അകലവും,​ വാക്‌സിൻ വിതരണത്തിലെ മുൻഗണനാ ക്രമവും പാലിക്കപ്പെടുന്നില്ലെന്നും പരാതിയുണ്ട്. വലപ്പാട്, തൃത്തല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ അറുപത് വയസ് കഴിഞ്ഞ രോഗികളും വയോധികരുമായ ഒട്ടേറെപ്പേർക്ക് ഇപ്പോഴും വാക്‌സിൻ കിട്ടാത്ത സ്ഥിതിയുമുണ്ട്.

പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും അറിയാതെ ആശാ വർക്കർമാർ തങ്ങളുടെ ആളുകളെ കൊണ്ടു വരുന്നുവെന്നാണ് ആക്ഷേപമുയരുന്നത്. സ്റ്റോക്കുള്ള വാക്‌സിൻ കൊടുത്ത് തീർത്ത് 'സീറോ' ബാലൻസ് കാണിച്ചാൽ മാത്രമെ അടുത്ത അലോട്ട്‌മെന്റ് ലഭിക്കുകയുള്ളൂ. സമയാസമയം വാക്‌സിൻ സ്റ്റോക്ക് ചെയ്യാത്തതിനാൽ ആവശ്യത്തിന് വാക്‌സിൻ ലഭിക്കുന്നില്ലെന്നും പറയുന്നു. വാക്‌സിൻ വിതരണത്തിൽ സാമൂഹിക നീതി ഉറപ്പുവരുത്താനും,​ കാര്യക്ഷമമായി വാക്‌സിൻ വിതരണം നടത്താനും അധികൃതർ തയ്യാറാവണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.