തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന് പിന്നാലെ കാറളം സഹകരണ ബാങ്കിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയും ബി.ജെ.പിയും കോൺഗ്രസും സമരം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ കടുത്ത നടപടികളിലൂടെ പ്രതിരോധം തീർക്കാൻ സി.പി.എം.
തട്ടിപ്പിന്റെ വ്യാപ്തി വളരെക്കൂടുതൽ ആയതിനാലും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ പ്രതിരോധിക്കേണ്ടതിനാലും പാർട്ടിയുടെ പ്രതിച്ഛായ നിലനിറുത്താനുളള നടപടികളാവും ഇന്നുണ്ടാവുക. ഇന്നലെ സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുളള എ. വിജയരാഘവൻ പത്രസമ്മേളനം വിളിച്ചിരുന്നെങ്കിലും അവസാനനിമിഷം മാറ്റി. ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കളിലേയ്ക്കും അന്വേഷണം നീണ്ടേക്കും. അതേസമയം, കേസിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. കേസിൽ മുഖ്യപ്രതികളുൾപ്പെടെ മൂന്ന് പേർ സി.പി.എം അംഗങ്ങളാണ്. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. പ്രതികളായ സി.പി.എം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ ഇന്ന് ചേരുന്ന അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ, സംസ്ഥാന പ്രതിനിധിയുടെ സാന്നിദ്ധ്യമുണ്ടാകും. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് യോഗം. ബാങ്ക് ജീവനക്കാർ, ഭരണ സമിതി അംഗങ്ങൾ എന്നിവർ ഉൾപ്പെടെ ആറ് പേരിൽ നിന്ന് സി.പി.എം വിശദീകരണം തേടിയിട്ടുണ്ട്.
കരുവന്നൂർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണം. ക്രൈം ബ്രാഞ്ചിന് മുകളിലാണ് പാർട്ടി ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നത്
ശോഭ സുരേന്ദ്രൻ
ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിന്റെ ആദ്യത്തെ രക്തസാക്ഷിയാണ് ആത്മഹത്യ ചെയ്ത മുകുന്ദൻ. ഈട് നൽകിയ വീട് ഇരിക്കുന്ന സ്ഥലത്തിന് പകരം അതിലും കൂടുതൽ ഭൂമിയുള്ള മറ്റൊരു സ്ഥലം പകരം നൽകാമെന്ന് പറഞ്ഞിട്ടും ബാങ്ക് അധികൃതർ സമ്മതിക്കാത്തത് ദുരൂഹമാണ്. കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണ് ബാങ്കിൽ നടന്നത്
എം.എം ഹസൻ
യു.ഡി.എഫ് കൺവീനർ