online
online

തൃശൂർ: കൊവിഡാനന്തരം ഓൺലൈൻ, ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളേജിലെ മൊബൈൽ ഫോൺ ലൈബ്രറി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ നല്ല സാദ്ധ്യതകളെ വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തണം. ഇനിയുള്ള കാലം ഉന്നത വിദ്യാഭ്യാസ രംഗത്ത് ഓൺലൈൻ, ഡിജിറ്റൽ വിദ്യാഭ്യാസ രീതിക്ക് ഏറെ സാദ്ധ്യതകളുണ്ട്. പട്ടികജാതി - വർഗ വിദ്യാർത്ഥികൾ, പിന്നാക്ക വിഭാഗം വിദ്യാർത്ഥികൾ എന്നിവരുടെ പഠന സൗകര്യം വിപുലപ്പെടുത്താൻ കോളേജുകളിൽ ബുക്ക് ബാങ്ക് എന്ന പേരിൽ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ശ്യാമള വേണുഗോപാലൻ മുഖ്യാതിഥിയായി. പൂർവ്വാദ്ധ്യാപക പ്രതിനിധി പി.എൻ പ്രകാശ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി എ.ജി ഗോപകുമാർ, പ്രിൻസിപ്പൽ പി. വി അംബിക തുടങ്ങിയവർ സംസാരിച്ചു.