തൃശൂർ: പരിസ്ഥിതി സംരക്ഷണ പരിപാടികളിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് ചരിത്രപരമാണെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലറും ആസൂത്രണ വിദഗ്ധനുമായിരുന്ന ഡോ. കെ.എൻ. ശ്യാമസുന്ദരൻ നായരുടെ സ്മരണാർത്ഥം സർവകലാശാലയിലെ കാർഷിക സ്ത്രീ പഠനകേന്ദ്രവും ഐ.സി.എ.ആർ.സി. എ.എ.എസ്.ടി പദ്ധതിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണം ഓൺലൈൻവഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ മംഗള ബായ് സംഭവത്തിലും ചിപ്‌കോ പ്രസ്ഥാനത്തിലും സ്ത്രീകൾ വഹിച്ച പങ്കിനെ അദ്ദേഹം ഓർമിപ്പിച്ചു.
'പരിസ്ഥിതി സംരക്ഷണ വികസനവും സ്ത്രീകളും' എന്ന വിഷയത്തിൽ ചെന്നൈ കോസ്റ്റൽ അക്വാ കൾച്ചറൽ അതോറിറ്റി സെക്രട്ടറി ഡോ.വി. കൃപ മുഖ്യപ്രഭാഷണം നടത്തി. സുസ്ഥിരവികസനവും സംസ്‌കാരവും നിലനിറുത്താൻ പരിസ്ഥിതി പുനസ്ഥാപന പ്രസ്ഥാനം അവശ്യമാണെന്നും അവർ പറഞ്ഞു. പരിസ്ഥിതി പ്രവർത്തനം ഒരിക്കലും അവസാനിക്കില്ലെന്നും അതിനെതിരെ സ്ത്രീകൾ മുൻനിരയിൽ നിന്ന് നിരന്തര പോരാട്ടം നടത്തണമെന്നും അവർ പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും സർവകലാശാല വിജ്ഞാനവിഭാഗം മേധാവിയുമായ ഡോ. ജിജു പി. അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ ഡോ. അനിത ചെറിയാൻ സ്വാഗതം പറഞ്ഞു.