കുന്നംകുളം: ജനപ്രതിനിധികളെ അറിയിക്കാതെ ആശാ പ്രവർത്തകർ എത്തിച്ചവർക്ക് വാക്‌സിൻ വിതരണം ചെയ്തതിനെ ചൊല്ലി ചൂണ്ടല്‍ പഞ്ചായത്തില്‍ തർക്കം. ജില്ലാ ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഇന്നലെ ചൂണ്ടൽ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് 300 ഡോസാണ് നൽകിയത്. എന്നാൽ ഇത് ഏപ്രിൽ 11, 12 തീയതികളിൽ ഒന്നാം ഡോസ് എടുത്തവർക്ക് രണ്ടാം ഡോസിനുള്ള വാക്‌സിനായിരുന്നു. ആരോഗ്യ കേന്ദ്രത്തിൽ നിന്നും വിവരമറിയിച്ചതനുസരിച്ച് ആശാ പ്രവർത്തകർ ഓരോ വാർഡുകളിൽനിന്നും ഒന്നാം ഡോസ് എടുത്തവരെ ഒഴിവാക്കി അടുത്ത ബന്ധുക്കളെയും സ്വന്തക്കാരെയും വാക്‌സിൻ എടുക്കാൻ എത്തിച്ചതാണ് വിവാദമായിരിക്കുന്നത്.
പഞ്ചായത്തിന് പുറത്തുള്ളവരെയും വാക്‌സിനെടുക്കാൻ എത്തിച്ചുവെന്നും ആക്ഷേപമുണ്ട്. അറുപതോളം പേർക്കാണ് ഇത്തരത്തിൽ വാക്‌സിൻ വിതരണം ചെയ്തത്. വാക്‌സിൻ കേന്ദ്രത്തിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റു വാർഡ് മെമ്പർമാർ എന്നിവരോട് കൂടിയാലോചന നടത്താതെയാണ് ആരോഗ്യ വിഭാഗം ജീവനക്കാരും ആശാ പ്രവർത്തകരും ചേർന്ന് വാക്‌സിൻ വിതരണത്തിന് ആളുകളെ എത്തിച്ചതെന്ന് പറയുന്നു. ഓരോ വാർഡിലും നാനൂറിനും അഞ്ഞൂറിനും ഇടയിലുള്ളവർ വാക്‌സിൻ വിതരണത്തിനായി ദിവസങ്ങളായി കാത്തിരിക്കുമ്പോഴാണ് ഇത്തരത്തിലൊരു സംഭവം. പ്രായമായവരുൾപ്പെടെയുള്ളവർ രണ്ടാം ഡോസിനുവേണ്ടി കാത്തിരിക്കുമ്പോഴാണ് 18 വയസ് പിന്നിട്ടവരുൾപ്പെടെയുള്ളവർക്ക് ഒന്നാം ഡോസായി വാക്‌സിൻ കുത്തിവയ്പ്പ് നടത്തിയത്. വിവിധ വാർഡുകളിൽ നിന്നെത്തിയ പ്രായമായവരുൾപ്പെടെയുള്ളവർക്ക് വാക്‌സിൻ സ്വീകരിക്കാനാകാതെ മടങ്ങേണ്ടിയും വന്നു. ബന്ധപ്പെട്ടവരിൽനിന്നും വിശദീകരണം തേടാനാണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം.