വാക‌്സിൻ വിതരണത്തിൽ ഉണ്ടായ തർക്കത്തെ തുടർന്ന് തടിച്ചുകൂടിയ ജനങ്ങൾ
കുന്നംകുളം: പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാത്രിയിലെ വാക്‌സിൻ വിതരണം സംഘർഷത്തിനിടയാക്കി. വാക്‌സിൻ മേളയുടെ ഭാഗമായി ശനിയാഴ്ച രാത്രി 7.30 തോടെയാണ് 200 ഓളം കൊവിഷീൽഡ് വാക്‌സിൻ എത്തിയത്. ഇക്കാര്യം അറിഞ്ഞതോടെ പോർക്കുളം പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നുള്ളവരും കുന്നംകുളം നഗരസഭയിൽ നിന്നുള്ളവരുമായി നൂറുകണക്കിനാളുകൾ തടിച്ച് കൂടിയതാണ് വാക്കുതർക്കത്തിനും സംഘർഷത്തിനും ഇടയാക്കിയത്.
പോർക്കുളം പഞ്ചായത്തിലെ 13 വാർഡുകളിലുള്ളവർക്കും നഗരസഭയിലെ 9, 10, 12, 13, 14 വാർഡുകളിലുള്ളവർക്കുമാണ് പോർക്കുളം പി.എച്ച്.സിയിൽ വാക്‌സിൻ വിതരണം നടത്തുന്നത്. ഓരോ വാർഡുകളിൽ നിന്ന് 11 പേർക്ക് വാക്‌സിൻ നൽകാമെന്നാണ് അധികൃതർ വ്യക്തമാക്കിയതെങ്കിലും രാത്രിയിൽ വാക്‌സിൻ വന്നിട്ടുണ്ടെന്ന വിവരം പരന്നതോടെയാണ് സ്ത്രീകൾ ഉൾപ്പെടെ ഓടിക്കൂടിയത്. ഇതിനിടയിൽ ഭരണകക്ഷിക്കാർക്ക് വാക്‌സിൻ വിതരണം ചെയ്തതായും ആക്ഷേപമുയർന്നു. വിവരമറിഞ്ഞ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. പിന്നീട് 8.30 തോടെ വാക്‌സിൻ കുത്തിവയ്പ്പ് ആരംഭിച്ചു. ഏറെ വൈകിയും വാക‌്സിൻ വിതരണം തുടർന്നു. രാത്രിയുടെ മറവിൽ വാക്‌സിൻ കച്ചവടം നടത്തുന്നതായും ആരോപണമുണ്ട്.