കൊടുങ്ങല്ലൂർ: ആല കോതപറമ്പ് ബ്രഹ്മശ്രീ കോരു ആശാൻ സ്മാരക വൈദിക സംഘം സ്ഥാപകാചാര്യൻ സ്വർഗീയ ബ്രഹ്മശ്രീ തിലകൻ തന്ത്രികളുടെ നവമാബ്ദ ശ്രാദ്ധ സപര്യ 28ന് ആചരിക്കും. രാവിലെ ആറ് മുതൽ ആല ശ്രീശങ്കരനാരായണ ക്ഷേത്ര സന്നിദ്ധിയിൽ ആരംഭിക്കുന്ന ശ്രാദ്ധബലി, തർപ്പണ, ഹോമപൂജാദികൾക്ക് ശേഷം എട്ട് മുതൽ പാഠശാലയിൽ ഗുരുപൂജയും ധർമ്മ ഗ്രന്ഥപാരായണവും ന‌ടക്കും. ശേഷം സ്മൃതി മണ്ഡപത്തിൽ പാദുകാർച്ചനയും ആരതിയും നിർവഹിക്കും.

രാവിലെ പത്തിന് പാഠശാലയിൽ സംഘം ആചാര്യൻ സി.കെ നാരായണൻ കുട്ടി തന്ത്രികളുടെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങുകൾ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൊളത്തൂർ അദ്വൈത ആശ്രമം മഠാധിപതി ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ അനുഗ്രഹഭാഷണം നടത്തും.

കർണാടക എം.എൽ.എ ഹരീഷ് പൂഞ്ചേ മുഖ്യ പ്രഭാഷണം നടത്തും. ആചാര്യന്റെ നാമധേയത്തിലുള്ള ഈ വർഷത്തെ താന്ത്രിക തിലക പുരസ്‌കാരം ശിവഗിരി മഠം തന്ത്രി നാരായണ പ്രസാദ് സ്വാമികൾക്ക് സമർപ്പിക്കും. ഗുരുദേവ ദർശനം അനുബന്ധ വിഷയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ വിവേക് മാസ്റ്ററെ ആദരിക്കും. ആല ശ്രീശങ്കരനാരായണ ക്ഷേത്രം പ്രസിഡന്റ് സുബീഷ് ചെത്തിപ്പാടത്ത് ചികിത്സാ സഹായഹ സമർപ്പണവും വാർഡ് മെമ്പർ സ്വരൂപ് പുന്നത്തറ വിദ്യാഭ്യാസ പ്രോത്സാഹന വിതരണവും നിർവഹിക്കും. സംഘം പ്രസിഡന്റ് സി.ബി പ്രകാശൻ ശാന്തി, സെക്രട്ടറി ഇ.കെ ലാലപ്പൻ ശാന്തി എന്നിവർ നേതൃത്വം വഹിക്കും.