മാള: ജീവൻ രക്ഷിക്കാൻ മാത്രമല്ല, മാളയിലെ പൊതുകുളത്തിന് പുതുജീവൻ നൽകാനും അഗ്‌നിശമന സേന രംഗത്തുണ്ട്. യാതൊരു പ്രതിഫലവും ഇല്ലാതെയാണ് അഗ്‌നിശമന സേന അംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് മാളക്കുളം പൂർണമായി ശുചിയാക്കിയത്.
30 ഓളം വരുന്ന സംഘമാണ് രണ്ട് ഞായറാഴ്ചകളിലായി ശുചീകരണം നടത്തിയത്. കുളത്തിലെ 15 ടണ്ണോളം വരുന്ന ആഫ്രിക്കൻ പായലാണ് കരയിൽ കയറ്റിയത്. പലരും മറ്റു ജോലികൾ ചെയ്യുന്നതിനാൽ അവധി ദിവസത്തിലാണ് ഡിഫൻസ് അംഗങ്ങൾ സേവനത്തിനെത്തുന്നത്. എന്നാൽ ആദ്യ ഞായറാഴ്ച ശുചീകരണം കഴിഞ്ഞപ്പോൾ ഈ പ്രവർത്തനത്തിനെതിരെ തെറ്റായ വാർത്ത പ്രചരിച്ചിരുന്നു.
രണ്ടാഴ്ചകളിലായി നടത്താൻ നിശ്ചയിച്ചിരുന്ന ശുചീകരണം പൂർത്തിയാക്കുന്നതിന് മുമ്പ് തെറ്റായി പ്രചാരണം നടന്നത് സേവനം ചെയ്യുന്നവർക്ക് മാനസിക പ്രയാസം ഉണ്ടാക്കിയതായും, തീർത്തും സൗജന്യ സേവനമാണ് നടത്തിയതെന്നും, 55 പണികളാണ് വേണ്ടി വന്നതെന്നും മാള ഫയർ ഓഫീസർ സി.ഒ ജോയ് പറഞ്ഞു. മാള എസ്.എച്ച്.ഒ സജിൻ ശശി സിവിൽ ഡിഫൻസ് അംഗങ്ങളെ ആദരിച്ചു.