ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ താഴേത്തട്ടിലുള്ള പരൽ മീനുകളെ പ്രതിയാക്കി സർക്കാർ വമ്പൻ സ്രാവുകളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
ഇരിങ്ങാലക്കുട മാപ്രാണത്ത് കരുവന്നൂർ സഹകരണ ബാങ്കിന്റെ ബ്രാഞ്ചിന് മുന്നിൽ സഹകാരികളുടെ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ. വിജയരാഘവൻ, ഇ.പി ജയരാജൻ, എ.സി. മൊയ്തീൻ എന്നിവർക്ക് തട്ടിപ്പിൽ പങ്കുണ്ട്. മൊയ്തീന്റെ ബന്ധുവാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ. എ. വിജയരാഘവന്റെ പത്നി ആർ. ബിന്ദു ഇരിങ്ങാലക്കുടയിൽ മത്സരിച്ചപ്പോൾ ചെലവഴിച്ച കോടികൾ തട്ടിപ്പിലേതാണ്. സഹകരണ ബാങ്കുകൾ സി.പി.എം നേതാക്കളുടെ കള്ളപ്പണം സൂക്ഷിക്കാനുള്ള ഇടമാണ്. മലപ്പുറത്തെ സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കിൽ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ മകന് ഏഴ് കോടി രൂപ നിക്ഷേപമുണ്ട്. കേന്ദ്ര സർക്കാർ നിക്ഷേപകർക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാക്കിയപ്പോൾ ഇവർ എതിർത്തതിന് കാരണം ഈ കള്ളപ്പണ നിക്ഷേപമാണ്. അന്ന് യു.ഡി എഫ് നേതാക്കളും സി.പി.എമ്മിന് ഒപ്പമായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാർ, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം തുടങ്ങിയവർ സംസാരിച്ചു.