തൃശൂർ: പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ വേണ്ട രീതിയിൽ ഇടപെടുന്നതിൽ ജില്ലാ , ഏരിയാ കമ്മിറ്റികൾക്ക് വീഴ്ചയുണ്ടായെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ. ക്രമക്കേട് സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ചിട്ടും ബേബി ജോൺ മുതൽ എം.എം. വർഗീസ് വരെയുള്ള നേതാക്കൾ ഗൗരവപൂർവ്വം പരിഗണിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് വിമർശനം. അന്ന് സഹകരണ മന്ത്രിയായിരുന്ന എ.സി മൊയ്തീൻ ജാഗ്രത കാട്ടിയില്ലെന്നും വിമർശനമുയർന്നു.
വീഴ്ച കണ്ടെത്തിയ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി, കരുവന്നൂർ, പൊറത്തിശേരി ലോക്കൽ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി തുടങ്ങിയവ പിരിച്ചു വിടുന്നതടക്കമുള്ള നടപടികളുണ്ടായേക്കും. ഏരിയാ കമ്മിറ്റിയുടെ ചുമതലയുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെതിരെയും നടപടിയെടുത്തേക്കും. ജില്ലാ നേതൃത്വത്തിന്റെ വീഴ്ച സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലും സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ പങ്കെടുത്ത യോഗത്തിൽ റിപ്പോർട്ട് ചെയ്തു.ഇതുമായി ബന്ധപ്പെട്ട് പി.കെ. ബിജു, പി.കെ. ഷാജൻ എന്നിവർ നേരത്തേ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ചു. നടപടി സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇന്ന് രാവിലെ വീണ്ടും സെക്രട്ടേറിയറ്റും,തുടർന്ന് ജില്ലാ കമ്മിറ്റിയും ചേരും.സഹകരണ മേഖലയിലെ ഇത്തരം ക്രമക്കേടുകൾ സംബന്ധിച്ച പരിശോധനയ്ക്ക് സമിതിയെ നിയോഗിക്കുമെന്നും സൂചനയുണ്ട്. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും വിജയരാഘവൻ പങ്കെടുക്കും.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ ഗൗരവം സംസ്ഥാന നേതൃത്വത്തെ ബോദ്ധ്യപ്പെടുത്താൻ ജില്ലാ ഘടകത്തിന് കഴിഞ്ഞില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ കഴിഞ്ഞ ദിവസം വിമർശനമുയർന്നിരുന്നു.
തട്ടിപ്പിനെക്കുറിച്ച് ആദ്യം പരാതി ലഭിച്ചത് സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിനാണ്. സഹകരണമന്ത്രിയായിരുന്ന എ.സി. മൊയ്തീനും തട്ടിപ്പിനെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടും വേണ്ടത്ര പ്രാധാന്യത്തോടെ സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചില്ലെന്നും വിമർശനമുണ്ടായി.