childrens

തൃശൂർ: കുട്ടികളിലെ കാഴ്ചക്കുറവിന് ഭാരതീയ ചികിത്സാ വകുപ്പിന്റെ ദൃഷ്ടി പദ്ധതിയിലൂടെ പരിഹാരം. രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി, എ.വി.എം ഗവൺമെന്റ് ആയുർവേദ ആശുപത്രി ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ ദൃഷ്ടി പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ ലഭ്യമാണെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.ആർ. സലജകുമാരി അറിയിച്ചു.

ഡിജിറ്റൽ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം സംബന്ധിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തുന്നതിന് ദൃഷ്ടി പദ്ധതി ലക്ഷ്യമിടുന്നതായി പദ്ധതിയുടെ സംസ്ഥാന കൺവീനർ ഡോ. പി.കെ. നേത്രദാസ് പറഞ്ഞു. ക്ലാസുകൾ സംഘടിപ്പിക്കാൻ താത്പര്യമുള്ള സ്‌കൂൾ അധികൃതർ 9446560271, 8547761950, 9446049813, 7559036996 എന്നീ നമ്പറുകളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നു വരെയുള്ള സമയത്ത് ബന്ധപ്പെടണം.

ഓൺലൈൻ ക്ലാസുകളായതിനെ തുടർന്ന് കുട്ടികളിൽ കണ്ണ് സംബന്ധമായ പ്രശ്‌നങ്ങൾ വർദ്ധിച്ചുവരികയാണ്. കണ്ണട ഉപയോഗിക്കുന്ന കുട്ടികളിലും അല്ലാത്ത കുട്ടികളിലും തലവേദന,​ കണ്ണിന് കഴപ്പ്, വേദന എന്നിവ കൂടുതലായി കണ്ടുവരുന്നു. കുട്ടികൾ വീഡിയോ കാണുന്നതിനും ഗെയിം കളിക്കുന്നതിനും കമ്പ്യൂട്ടർ, മൊബൈൽ എന്നിവ കൂടുതൽ സമയം ഉപയോഗിച്ചു വരുന്നു. കുട്ടികളിലെ ചെറിയ പ്രശ്‌നങ്ങൾ പോലും നേരത്തെ കണ്ടുപിടിച്ച് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഭാവിയിൽ ഗുരുതര കാഴ്ച വൈകല്യങ്ങളിലേക്ക് നയിക്കും. ഈ സാഹചര്യത്തിൽ ദൃഷ്ടി പദ്ധതിയിലൂടെയുള്ള ബോധവത്കരണ ക്ലാസുകൾ എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.