കുന്നംകുളം: നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്ക് മുമ്പ് ജനങ്ങൾക്ക് തുറന്നുകൊടുത്ത ചൂണ്ടൽ പാലം റോഡിലെ ഗതാഗതം ഇപ്പോഴും സ്തംഭനാവസ്ഥയിൽ തന്നെ. പാലം റോഡിലെ ഗതാഗതം നിലച്ചിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. നിർമ്മാണത്തിലെ അപാകത മൂലം റോഡിലെ ടാറിംഗ് തകർന്ന് പഞ്ചവടിപ്പാലം പോലെയായിരിക്കുകയാണ്. തകർച്ച പരിഹരിക്കാതെ റോഡ് അടച്ചിട്ട് സി.പി.എം പഞ്ചായത്ത് ഭരണസമിതിയും കരാറുകാരനും പൊതുമരാമത്ത് വകുപ്പും ചേർന്ന് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. ആറ് മാസങ്ങൾക്ക് മുമ്പാണ് കോടികൾ ചെലവഴിച്ച് നിർമ്മിച്ച ചൂണ്ടൽ പാലത്തിന്റെ ഉദ്ഘാടനമാമാങ്കം കൊട്ടിഘോഷിച്ച് നടത്തിയത്.
ഉദ്ഘാടനത്തിന് ശേഷം ഇത് മൂന്നാം തവണയാണ് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡിനടിയിലൂടെ പോകുന്ന വാട്ടർ അതോററ്റിയുടെ പൈപ്പ് പൊട്ടിയുണ്ടായ ചോർച്ച മൂലം വെള്ളം പുറത്തേക്ക് ഒഴുകിയതാണ് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നതിന് പൊതുമരാമത്ത് പാലം വിഭാഗം നൽകുന്ന വിശദീകരണം. പൊതുമരാമത്ത് വകുപ്പിലെയും വാട്ടർ അതോറിറ്റിയിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ടാഴ്ച്ച മുൻപ് പാലത്തിൽ പരിശോധന നടത്തിയിരുന്നു. സമാനമായ രീതിയിൽ റോഡിന്റെ ഒരു ഭാഗം തകർന്നതിന് ശേഷം ഇന്റർലോക്ക് കട്ടകൾ വിരിച്ച് കഴിഞ്ഞ അഞ്ചിനാണ് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. എന്നാൽ അഞ്ച് ദിവസം പിന്നിട്ടപ്പോഴേക്കും അടുത്ത സ്ഥലത്തും റോഡിലൂടെ വെള്ളം കിനിഞ്ഞിറങ്ങുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് പാലം വീണ്ടും അടച്ചിട്ടത്. പൈപ്പ് പൊട്ടിയാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നതെന്ന് പറയുന്ന ഉദ്യോഗസ്ഥർ റോഡ് തകർച്ചയ്ക്ക് പരിഹാരം കാണാനോ തകരാർ പരിഹരിച്ച് പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനോ രണ്ടാഴ്ച്ച പിന്നിടുമ്പോഴും യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. ചൂണ്ടൽ പഞ്ചായത്ത് ഭരണസമിതിയും കാഴ്ചക്കാരായി മാറി നിൽക്കുകയാണ്. വികസന നേട്ടമായി ഉയർത്തിക്കാട്ടി ഉദ്ഘാടന ദിവസം കാണിച്ച തന്റേടം റോഡ് തകർന്നപ്പോൾ പഞ്ചായത്ത് ഭരണസമിതിക്കും സി.പി.എം നേതൃത്വത്തിനും ഇല്ലാതെപോയെന്നാണ് ജനങ്ങളുടെ കുറ്റപ്പെടുത്തൽ.
പാലത്തോട് ചേർന്നുള്ള അപ്രോച്ച് റോഡിന്റെ നിർമാണത്തിലെ അപകാതയാണ് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്ന് തവണ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നതിലേക്ക് നയിച്ചത്. ഗതാഗതം നിരോധിച്ച പാലം യൂസ്ഡ് കാർ വിൽപ്പനക്കാരുടെ വാഹന പാർക്കിംഗിനായാണ് ഉപയോഗിക്കുന്നത്. ചൂണ്ടൽ പാലത്തിന്റെയും റോഡിന്റെയും കരാറെടുത്ത നിർമ്മാണ കമ്പനിയുടെയും പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയും നിരുത്തരവാദിത്വവുമാണ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിലെ പാളിച്ചകൾക്ക് കാരണം. മണലൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ചൂണ്ടൽ പഞ്ചായത്തിലെ പാലം രണ്ടാഴ്ച്ചയായി അടച്ചിട്ടിട്ടും മുരളി പെരുനെല്ലി എം.എൽ.എ തുടരുന്ന നിസംഗതയും ദുരൂഹമാണ്