കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസ് റോഡിലെ കുഴികൾ ഉടനെ അടക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ ഉദ്യോഗസ്ഥർ സ്ഥലം എം.പിക്ക് നൽകിയ ഉറപ്പും പാഴ് വാക്കായി. കഴിഞ്ഞ ജൂലായ് രണ്ടിനാണ് സ്ഥലം എം.പിയായ ബെന്നി ബെഹ്നാന് അതോറിറ്റി ജനറൽ മാനേജർ ബാലചന്ദ്രൻ ഒരാഴ്ചക്കിടയിൽ കുഴികൾ അടക്കുമെന്ന് ഉറപ്പ് നൽകിയത്.

ബൈപാസിലെ കാടുകൾ വെട്ടി തെളിക്കുമെന്നും കാനകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കുമെന്നും ഇതിനായി 44 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെയും ഒരു പണിയും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസവും കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു.

മഴക്കാലത്തിന് മുമ്പ് ചെയ്യേണ്ട പ്രീ മൺസൂൺ പദ്ധതിയിൽ കുഴികൾ അടക്കുന്നതിനും,​ വളർന്നു നിൽക്കുന്ന കുറ്റിച്ചെടികളും പുല്ലും വെട്ടുന്നതിനും,​ കാന വൃത്തിയാക്കുന്നതിനും നേരത്തെ തന്നെ ടെൻഡർ ചെയ്യുന്ന പതിവുണ്ടെങ്കിലും ഇക്കുറി അതും വൈകപ്പോയിയെന്ന ആക്ഷേപവുമുണ്ട്.

എന്നാൽ ദേശീയ പാത 66 ലെ അറ്റകുറ്റപണികൾ ആരംഭിച്ചതായി നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുടെ കൊച്ചി ഓഫീസ് അറിയിച്ചിട്ടുണ്ട്. ജില്ലയുടെ വടക്കെ അറ്റമായ അണ്ടതോടിൽ നിന്നുമാണ് ജോലികൾ ആരംഭിച്ചിട്ടുള്ളതെന്ന് ഓഫീസ് അറിയിച്ചു. അടുത്ത ദിവസം കൊടുങ്ങല്ലൂരിൽ പണി ആരംഭിക്കുമെന്ന് കരാറുകാരനും വ്യക്തമാക്കി. ബൈപാസിലെ കുഴികളടച്ച് ഗതാഗതയോഗ്യമാക്കണമെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇനിയും നീട്ടിക്കൊണ്ടുപോകരുതെന്നുമാണ് ജനങ്ങളുടെ ആവശ്യം.