ഒല്ലൂർ: ഗജരാജൻ ഏകഛത്രാധിപതി തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ കേരള ജനതയുടെ ഹൃദയങ്ങളിൽ എത്തിച്ച് പൂരപ്രമുഖനാക്കി വളർത്തിയെടുത്ത ആനസ്‌നേഹി ഉണ്ണികൃഷ്ണവാരിയർക്ക് വിട നൽകി ഒല്ലൂർ ദേശക്കാർ. കഴിഞ്ഞ ദിവസം അന്തരിച്ച ആനവാര്യർ എന്ന പേരിലറിയപ്പെടുന്ന എടക്കുന്നി വാരിയത്ത് ഉണ്ണികൃഷ്ണവാരിയരാണ് വർഷങ്ങൾക്ക് മുമ്പ് ബീഹാറിൽ നിന്നും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനടക്കം രണ്ട് കുട്ടിയാനകളെ കേരളത്തിലെത്തിച്ചത്. സ്വന്തം തട്ടകമായ എടക്കുനിയടക്കം ബന്ധപ്പെട്ട നിരവധി ക്ഷേത്രങ്ങളിലേക്ക് ഉത്സവത്തിനും മറ്റ് അടിയന്തര കാര്യങ്ങൾക്കും പൂർണമായും സൗജന്യമായി ആനയെ കൊടുത്തിരുന്നത് ആന സ്‌നേഹിയായ ഇദ്ദേഹമാണ്. പ്രസിദ്ധമായ ഇടക്കുന്നി വാര്യർ തറവാട്ടിലാണ് ജന്മമെങ്കിലും മനുഷ്യസ്‌നേഹിയായ ഉത്തമ മനുഷ്യനായി ഉണ്ണികൃഷ്ണവാര്യർ ഇനിയും ആനസ്‌നേഹികളുടെ മനസ്സിൽ ജീവിക്കും.