കൊടുങ്ങല്ലൂർ: കൊവിഡ് പ്രതിരോധ വാക്‌സിൻ ഒന്നാം ഡോസ് നൽകി 105 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് ലഭിച്ചില്ലെന്ന് പരാതി. എറിയാട് പഞ്ചായത്തിലാണ് വ്യാപകമായി പരാതി ഉയർന്നിട്ടുള്ളത്. ഏപ്രിൽ 12 നാണ് പഞ്ചായത്ത് ഒന്നാം ഡോസ് വാക്‌സിൻ നൽകിയത്.

കൂടാതെ ഓൺലൈൻ ബുക്കിംഗ് വഴി ഒന്നാം ഡോസ് ലഭിച്ചവർ ഉൾപ്പെടെ നൂറുകണക്കിന് ജനങ്ങങ്ങളാണ് രണ്ടാം ഡോസ് ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. വാക്‌സിൻ വിതരണത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ പഞ്ചായത്തിനോട് അവഗണ കാണിക്കുകയാണെന്നാണ് പരാതി. പൊസിറ്റിവിറ്റി നിരക്ക് കൂടുതൽ ഉള്ളതും ജനങ്ങൾ തിങ്ങിപ്പാർക്കുന്നുമായ പഞ്ചായത്തിൽ ജനസംഖ്യ അനുപാതികമായി വാക്‌സിൻ ലഭിക്കാൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

അടിയന്തരമായി വാക്‌സിൻ ലഭ്യമാക്കാൻ ഡി.എം.ഒ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഡി.എം.ഒ ഓഫീസിലേക്ക് സമരം നടത്താനും പഞ്ചായത്ത് കോൺഗ്രസ് അംഗങ്ങളുടെ യോഗം തീരുമാനിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.കെ മുഹമ്മദ്, പി.എച്ച് നാസർ, കെ.എസ് രാജീവ്, കെ.എം സാദത്ത്, ലൈല സേവ്യർ, നജ്മ അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.