ചാലക്കുടി: വാക്‌സിൻ വിതരണത്തിലെ അപാകതകൾ ചർച്ച ചെയ്യുന്നതിന് ചേർന്ന നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. ചെയർമാനും പാർലിമെന്ററി പാർട്ടി ലീഡർക്കുമെതിരെ ആഞ്ഞടിച്ച പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു. ഭരണപക്ഷത്തെ ചിലരും വാക്‌സിൻ വിതരണത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിയ അഞ്ഞൂറ് ഡോസ് വാക്‌സിൻ നഷ്ടപ്പെട്ടതിന് ചെയർമാൻ വി.ഒ പൈലപ്പൻ സമാധാനം പറയണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് സി.എസ് സരേഷ് ചർച്ചകൾക്ക് തുടക്കം കുറിച്ചു. ബിജി സദാനന്ദനും ഇക്കാര്യം ഉന്നയിച്ച് സംസാരിച്ചു. സ്വതന്ത്ര അംഗങ്ങളായ വി.ജെ ജോജി, കെ.എസ് സനോജ് എന്നിവരും ചെയർമാനെതിരെ ആഞ്ഞടിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ സി.ശ്രീദേവി, കെ.ജെ ജോജി എന്നിവരാണ് ഭരണപക്ഷത്ത് നിന്നും ചെയർമാനെതിരെ പ്രതികരിച്ചത്. മുൻകൂട്ടി അറിയിച്ചതിന് വിപരീതമായാണ് വാക്‌സിൻ വിതരണം നടന്നതെന്നും കൗൺസിലർമാരെ നോക്കുകുത്തികളാക്കിയെന്നും സി.ശ്രീദേവി കുറ്റപ്പെടുത്തി. അഭിപ്രായങ്ങൾ ചെവിക്കൊള്ളാതിരുന്ന ചെയർമാന്റെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു പിന്നീട് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. തന്നിഷ്ട പ്രകാരം പ്രവർത്തിക്കുന്ന ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റണമെന്ന് ബി.ജെ.പി അംഗം വത്സൻ ചമ്പക്കരയും ആവശ്യപ്പെട്ടു. രണ്ടുഘട്ടങ്ങളിലായി താലൂക്ക് ആശുപത്രിയിൽ നിന്നും ചെയർമാന്റെ പിടിപ്പുകേട് മൂലം 700 ഡോസ് വാക്‌സിൻ നഷ്ടപ്പെട്ടുവെന്ന് സി.എസ് സരേഷ് പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഭരണപക്ഷത്തെ ഭൂരിപക്ഷം അംഗങ്ങളും ചെയർമാന്റെ പ്രവൃത്തികളിൽ വിയോജിപ്പുള്ളവരാണെന്നും ഇക്കാര്യം പുറത്തറിയാതിരിക്കാനാണ് മാധ്യമ പ്രവർത്തകരെ ഒഴിവാക്കി കൗൺസിൽ യോഗങ്ങൾ നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സർക്കാർ നിദ്ദേശപ്രകാരം വാക്‌സിൻ വിതരണം പൂർണമായും ആരോഗ്യ പ്രവർത്തകരെ ഏൽപ്പിക്കണമെന്നും കോൺഗ്രസുകാർക്ക് മാത്രം വാക്‌സിന് നൽക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും വി.ജെ ജോജി ആവശ്യപ്പെട്ടു.