ഗുരുവായൂർ: ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ലോക്കറ്റ് വിൽപ്പന നടത്തി ബാങ്കിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ച തുക തട്ടിയെടുത്ത പ്രതി ബാങ്കുദ്യോഗസ്ഥൻ നന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തിങ്കളാഴ്ച വൈകീട്ടാണ് നന്ദകുമാറിനെ കസ്റ്റഡിയിൽ വാങ്ങിയത്. ദേവസ്വത്തിലും പഞ്ചാബ് നാഷണൽ ബാങ്കിലും ഇന്ന് പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.
ക്ഷേത്രത്തിൽ നിന്നും ബാങ്കിൽ നിഷേപിക്കാൻ നൽകിയ 27.50 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തിരുന്നത്. ഓരോ ദിവസത്തേയും നിക്ഷേപത്തിൽ നിന്ന് രണ്ടായിരം മുതൽ 20,000 രൂപ വരെയാണ് മോഷ്ടിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞതായറിയുന്നു. ഒരു വർഷം കഴിഞ്ഞിട്ടും ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു പരിശോധനയും ഉണ്ടാകാതിരുന്നപ്പോൾ കൂടുതൽ പണമെടുക്കാൻ ഇയാളെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടെമ്പിൾ സി.ഐ.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ദേവസ്വത്തിലെ പരിശോധന പൂർത്തിയായി. ദേവസ്വത്തിൽ നിന്ന് 144 ചലാനുകളാണ് ശേഖരിച്ചിട്ടുള്ളത്.