കൊടുങ്ങല്ലൂർ: നഗരസഭയിലെ പതിനാറാം കോളനി നിവാസികൾക്ക് പട്ടയം നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭയിലെ പതിമൂന്നാം വാർഡിലാണ് പതിനാറാം കോളനി സ്ഥിതി ചെയ്യുന്നത്. കോളനി നിവാസികളുടെ ചിരകാലാഭിലാഷമാണ് സ്വന്തം ഭൂമിയുടെ പട്ടയം.

പതിറ്റാണ്ടുകളായി ഇവിടെ വീട് വെച്ച് താമസിക്കുന്ന ഇവരെ നഗരസഭ തന്നെ മുൻ കൈയ്യടുത്താണ് ഇവിടെയെത്തിച്ചത്. വർഷങ്ങൾക്ക് മുൻപ് വീടില്ലാത്തവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. കോഴിക്കടയ്ക്ക് കിഴക്ക് ഭാഗത്ത്‌ നഗരസഭ സ്ഥലം കണ്ടെത്തി വീട് പണിയാൻ ഇവർക്ക് പണം നൽകുകയായിരുന്നു.

എന്നാൽ നിരവധി വർഷം കഴിഞ്ഞിട്ടും ഇവർക്ക് പട്ടയം ലഭ്യമാക്കാനായില്ല. 2018 ലെ വെള്ളപ്പൊക്കത്തിൽ വീടുകൾ മുഴുവൻ തകർന്നെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ വീടുകൾ ലഭിക്കാനുള്ള സ്കീമുകളിൽ ഒന്നും ഇവർ അർഹത നേടിയില്ല. മാത്രമല്ല സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കാൻ പോലും ഇവർക്ക് സാദ്ധ്യമാകാത്ത സ്ഥിതിയുമുണ്ടായി.

എസ്.സി വിഭാഗത്തിലുൾപ്പെട്ടവരുൾപ്പെടെ ദുർബ്ബല വിഭാഗങ്ങളിൽ നിന്നുള്ള ഈ 16 കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും ഇവരുടെ ദുരിത പൂർണ്ണമായ അവസ്ഥയും ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ പ്രധാന ചർച്ചയായി. 16-ാം കോളനി നിവാസികളുടെ പ്രശ്നങ്ങൾ അക്കമിട്ട് നിരത്തി ഈ വാർഡിലെ കൗൺസിലർ പി.എൻ. വിനയചന്ദ്രനാണ് പ്രശ്നം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഗൗരവമേറിയ ഒരു വിഷയം കുറ്റമറ്റ രീതിയിൽ അവതരിപ്പിക്കപ്പെട്ടതോടെ കൗൺസിൽ ഒന്നടങ്കം ഇത് ഉൾക്കൊണ്ട് പ്രമേയം ഐകകണ്ഠേന പാസാക്കി. ചെയർപേഴ്സൻ എം.യു. ഷിനീജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ്, ടി.എസ്. സജീവൻ, ഒ.എൻ. ജയദേവൻ, രശ്മി ബാബു തുടങ്ങിയവർ സംസാരിച്ചു.