bank

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയവർക്കെതിരെ നടപടി രും നാളുകളിൽ ഇരിങ്ങാലക്കുടയിൽ വലിയ പൊട്ടിത്തെറിക്ക് സാദ്ധ്യത. ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ സെക്രട്ടറി, ലോക്കൽ സെക്രട്ടറി ഉൾപ്പടെയുള്ളവർക്കെതിര മുഖം നോക്കാതെ നടപടി പാർട്ടി സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി മേഖലയിൽ കടുത്ത വിഭാഗീയതയ്ക്ക് വഴിവെച്ചേക്കുമെന്നാണ് വുലയിരുത്തൽ. നടപടിയെടുക്കാൻ ചേർന്ന യോഗത്തിൽ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയിൽ നിന്നുള്ള നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം. ജില്ലാ കമ്മിറ്റി അംഗങ്ങായ ഉല്ലാസ് കളക്കാട്ട്, കെ.ആർ. വിജയ എന്നിവരെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ജില്ലാ കമ്മിറ്റിയിലെ വനിതാ അംഗങ്ങൾ വരെ കടുത്ത നടപടി വേണമെന്ന് ആവശ്യമുയർത്തിയിരുന്നു. ഇത്ര ഗുരുതരമായ സംഭവമുണ്ടായിട്ടും മേൽഘടകങ്ങളെ ഗൗരവപൂർവ്വം വിവരം അറിയിക്കുന്നതിൽ ഇവർ കടുത്ത അലംഭാവമാണ് കാണിച്ചതെന്ന് അംഗങ്ങൾ പറഞ്ഞു.

ഇവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തണമെന്ന നിർദ്ദേശം കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ഉയർന്നിരുന്നു. ഇന്നലെ രാവിലെ അവൈലബിൾ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന ശേഷമാണ് ജില്ലാ കമ്മിറ്റി യോഗം ചേർന്നത്. സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ, സെക്രട്ടേറിയേറ്റ് അംഗങ്ങളായ ബേബി ജോൺ, എൻ.ആർ. ബാലൻ, സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

സഹകാരികളുടെ വിശ്വാസം വീണ്ടെടുക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. വിഷയത്തിൽ കേരള ബാങ്ക് ഇടപെടുമെന്നും ഘട്ടം ഘട്ടമായി നിക്ഷേപകർക്ക് പണം നൽകുമെന്നും ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ യോഗത്തിൽ വിശദീകരിച്ചു. മുൻ ജില്ലാ സെക്രട്ടറിമാരായ ബേബി ജോൺ, എ.സി. മൊയ്തീൻ എന്നിവർക്കെതിരെയും വിമർശനമുയർന്നതായി പറയുന്നു. ഏരിയ സെക്രട്ടറി എന്ന നിലയിൽ കെ.സി. പ്രേമരാജൻ തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്നും വിമർശനമുയർന്നു. ബാങ്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചേരുന്ന സബ് കമ്മിറ്റി കടലാസ് കമ്മിറ്റിയായെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. മുതിർന്ന നേതാവായ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ. ചന്ദ്രൻ ബാങ്കിൽ അവിഹിതമായ ഇടപെടലാണ് നടത്തിയതെന്ന് പറഞ്ഞു. അതുകൊണ്ട് കടുത്ത നടപടി വേണമെന്ന് ഭൂരിഭാഗം അംഗങ്ങളും പറഞ്ഞു.

ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലേക്ക് പരിഗണിച്ചവരുടെ ലിസ്റ്റിൽ മുന്തിയ പരിഗണനയിലുണ്ടായിരുന്ന വനിതാ നേതാവാണ് കെ.ആർ. വിജയ. ഇവരെയും ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജില്ലാ കമ്മിറ്റിയിലെത്തിയ ഉല്ലാസ് കളക്കാട്ടിനേയുമാണ് തരംതാഴ്ത്തിയത്. ജില്ലയിലെ ഭൂരിഭാഗം സഹകരണ സംഘങ്ങളും ഭരിക്കുന്നത് സി.പി.എമ്മാണ്. കർശന നടപടി ഉണ്ടായില്ലെങ്കിൽ പൊതു സമൂഹത്തിന് മുന്നിൽ പാർട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്ന് അംഗങ്ങൾ പറഞ്ഞു. ജില്ലാ സെക്രട്ടറി എം.എം വർഗീസ് അദ്ധ്യക്ഷത വഹിച്ചു.