കുന്നംകുളം: അടിയന്തര പ്രമേയം അവതരിപ്പിച്ചതിനെതുടർന്നുണ്ടായ സംഘർഷത്തിൽ വനിതാ കൗൺസിലർമാരായ ഗീത ശശിയും രേഖ സജീവും ബോധരഹിതരായി വീണതിൽ പ്രതിഷേധിച്ച് സി.പി.എം കൗൺസിലർമാർ ബി.ജെ.പി കൗൺസിലർമാരെ ആക്രമിച്ചെന്നാരോപിച്ച് ബി.ജെ.പി കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളം നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നഗരസഭയുടെ മുന്നിലെത്തിയ പ്രതിഷേധമാർച്ച് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. തുടർന്ന് നടന്ന പൊതുയോഗം മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത ഉദ്ഘാടനം ചെയ്തു. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡണ്ട് കെ. എസ് രാജേഷ്, പാർലമെന്ററി പാർട്ടി നേതാവും കുന്നംകുളം നഗരസഭ കൗൺസിലറുമായ കെ.കെ മുരളി, മുൻസിപ്പൽ പ്രസിഡന്റ് സജീഷ് കില്ലപ്പൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.ജെ ജെബിൻ, സുഭാഷ് ആദൂർ, ബിനു പ്രസാദ്, രേഷ്മ സുനിൽ, സോഫിയ ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.